Tuesday, December 16, 2014

സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും മറ്റൊരു ലോകം.

തലകെട്ട് പോലെ തന്നെ നമുക്കെല്ലാവർക്കും അറിയുന്ന മനപ്പൂർവ്വം അറിയില്ലെന്ന് നടിക്കുന്ന അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകമുണ്ട്. ആക്ടിവിസ്റ്റുകൾ അഥവാ പ്രവർത്തിക്കുന്നവർ, അവരുടെ പ്രതികരണങ്ങൾ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. സമൂഹം അവരെ പരിഹസിക്കുന്നു. നമുക്ക് കിട്ടിയ സ്വാതന്ത്ര്യം തോന്നിയത് പറയാനും ചെയ്യാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം അത് നേടി തന്നവരുടെ ബുദ്ധിമുട്ടുകളെയും എന്തിനു നേടി തന്നു എന്ന മരുചോദ്യതിനും ഇട വരുത്തുന്നു..വരുത്തി കൊണ്ടിരിക്കുന്നു.

വ്യക്തി സ്വാതന്ത്ര്യം - തനിക്ക് നല്ലതെന്ന് തോന്നിയതിനെ അംഗീകരിക്കാനും ഉൾകൊള്ളാനും വേണ്ട അല്ലെങ്കിൽ അനിയുക്തമല്ലാത്ത ഒന്നിനെ തള്ളാനുമുള്ള സ്വാതന്ത്ര്യം. ചിലർക്കിതു പക്ഷെ മറ്റുള്ളവരുടെ ചെയ്തികളെ കണ്ണും പൂട്ടി വിമർശിക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. നാം എന്ത് ചെയ്തു? അവർ എന്ത് ചെയ്യുന്ന എന്ന് മനസ്സിലാക്കാതെ തന്റെ ജീവിതത്തെ പൊതു ജീവിതമായി കണ്ട് തന്റെ സ്വഭാവത്തെ സമൂഹത്തിന്റെ സ്വഭാവമായി കണ്ട് ക്രൂരമായി വിമർശിക്കുന്നവർ. വേണ്ടെന്നു പറയുന്നില്ല. പക്ഷെ ഒരു മിനിമം ബോധമുള്ള വിമർശനങ്ങൾ സമൂഹത്തിനു ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നതിന് പലരെയും സഹായിച്ചിട്ടുണ്ട്. അബദ്ധ ധാരണകളെ തിരുത്താൻ സഹായിച്ചിട്ടുണ്ട്. അവരെയാണ് നമ്മൾ നിരൂപകർ എന്ന് വിളിക്കുന്നത്‌. നന്മ തിന്മകൾ ഒരുപോലെ മനസ്സിലാക്കി തന്റെ കഴിവിനെയും ചുമതലയും ഉൾകൊണ്ടു കൊണ്ടുള്ള വിമർശനങ്ങലെയാണ്‌ ഞാൻ മിനിമം ബോധമുള്ള വിമർശനങ്ങൾ എന്നു വിളിക്കുന്നത്‌. സമൂഹത്തിലുള്ള അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ ശബ്ധമുയർത്താൻ പലരും കാണിച്ചു തുടങ്ങുന്ന ധൈര്യം ഇത്തരം ബോധമില്ലാത്ത വിമർശനങ്ങൾ കാരണം ഇല്ലാതാകുന്നു. നിഷ്കരുണം ഭ്രൂണഹത്യ ചെയ്യപ്പെടുന്നു.

ഒരു ചട്ടകൂടിനുള്ളിൽ ആരോ എഴുതിയ ആശയങ്ങൾക്കും നിയമങ്ങല്ക്കും അതീതനായി അടിമയായി ജീവിക്കണമെന്നാണ് ചിലർ ഇപ്പോഴും പറയുന്നത്.ലിഖിതനിയമങ്ങളെല്ലാം തന്നെ തിരുത്തപ്പെടെണ്ടതും പോളിചെഴുതേണ്ടതുമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ, ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ ആ സമൂഹവുമായി ബന്ധമില്ലാത്തതും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ നിയമങ്ങൾ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണം ചിലർ രൂപം കൊടുത്ത അലിഖിത നിയമങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. അതാണ്‌ നമ്മളിൽ പലരെയും നിയന്ത്രിക്കുന്നത്‌. അല്ലാതെ മനുഷ്യ നന്മയും സന്തോഷവും ലക്ഷ്യം വെച്ച് എഴുതപ്പെട്ടതിനു അതീതമായല്ല.
ഇവിടെയാണ് നമുക്ക് മതത്തെ പറ്റി സംസാരിക്കേണ്ടി വരുന്നത് . കാരണം, അങ്ങനെ മനുഷ്യനു വേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയും സൃഷ്ട്ടിക്കപ്പെട്ടവയാണ് മതങ്ങൾ എന്നാണല്ലോ വെപ്പ്. മാത്രമല്ല ശരിയും തെറ്റും ഖുറാനും ബൈബിളും ഗീതയും വേണ്ട വിതത്തിൽ എഴുതിയിട്ടുമുണ്ട്. മനുഷ്യനോ മനുഷ്യന്റെ സ്വാതന്ത്ര്യ ജീവിതത്തിനോ തടസ്സമായ ഒന്നും തന്നെ ഇത് മൂന്നിലും പറഞ്ഞതായി എന്റെ അറിവിലില്ല. പക്ഷെ ഇന്ന് മനുഷ്യൻ കൂടുതൽ വിപത്തുകൾ അനുഭവിക്കുന്നതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും ഈ പറയപ്പെട്ട മതങ്ങൾ കാരണം തന്നെയാണ്. സുന്നി - മുജാഹിദ് - സലഫി - ഷിയാ - എ പി - ഇ കെ അങ്ങനെ ഒരുപാടു പേരുകളിൽ മുസ്ലിംകളും കത്തോലിക് - സിറിയൻ - ഓർത്തഡോൿസ്‌ അങ്ങനെ പേരുകളിൽ ക്രിസ്ത്യാനികളും ബ്രാഹ്മണൻ - തീയൻ - നായർ - പട്ടർ അങ്ങനെ പല പേരുകളിൽ ഹിന്ദുക്കളും വിഭജിക്കപ്പെട്ടിരിക്കുന്നു. എന്താണ് സത്യമെന്ന് ഈ മൂന്നു മത ഗ്രന്ഥങ്ങളും വ്യക്തവും ശക്തവുമായി പറഞ്ഞിട്ടുണ്ട് എങ്കിലും അത് ശ്രദ്ധിക്കാനോ പഠിക്കണോ നില്ക്കാതെ മത നേതാക്കൾ പുരോഹിതർ എന്ന് വിളിക്കപ്പെടുന്നവരുടെ അടിമകളായി മനുഷ്യൻ അധപതിച്ചു കൊണ്ടിരിക്കുന്നു.  അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകം. ഇതിന്റെയൊക്കെ യാഥാർത്ഥ്യ സത്യം മനസ്സിലാക്കിയ ആളുകൾ അടിമകളാൽ പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കാരണം സ്വാതന്ത്ര്യ സ്വഭാവമുള്ള ഇത്തരക്കാർ യഥാർത്ഥ മനുഷ്യരാണ്,മനുഷ്യത്വമുള്ളവരാണ്. അന്ധരും അന്ധത നടിക്കുന്നവരുമല്ല. ഇത്രയും കാലമായി നേടിയ വിദ്യാഭ്യാസം കൊണ്ട് ചിന്തിക്കാനുള്ള വിവേകം കാണിക്കുന്നില്ല മനുഷ്യൻ. വിവേക പൂർണ്ണമായ ചിന്ത കൊണ്ട് മനസ്സിലാക്കാവുന്ന തീർത്തും അടിസ്ഥാനപരമായ കാര്യങ്ങൾക്കു വേണ്ടിയാണു നമ്മൾ വഴക്കിട്ടിട്ടുള്ളതും വഴക്കിട്ടു കൊണ്ടിരിക്കുന്നതും.

സ്വാതന്ത്ര്യം നേടി തന്നവർ വിമർശിക്കപ്പെടുന്നു - സ്വ ജീവനും സ്വത്തും സമാധാനവും കളഞ്ഞു, ലൗഗിക സുഖങ്ങളെ വേണ്ടെന്നു വെച്ച് നമുക്ക് സ്വാതന്ത്ര്യം നേടി തന്നെ ഗാന്ധിയും ഗാന്ധിയെ പോലെയുള്ളവരും വരെ വിമർശിക്കപ്പെടുന്നു. തിന്നത് എല്ലിനിടയിൽ കേറിയ അവസ്ഥ എന്ന് പറയും. ഒന്നും ചെയ്യാതെ പ്രവർത്തിക്കാതെ മുരടിച്ചു പോകുന്നവരുടെ പരിഹാസങ്ങൾ. വെറുമൊരു പ്രതികാര തൊഴിലാളികൾ. താനോ തന്നെ പോലുള്ള ഒരായിരം പേരോ ഒരായിരം ജന്മമെടുത്താലും അപ്രാപ്യമായ ഒന്നിനെ നിരൂപിക്കുന്നതിലും പരിഹസിക്കുന്നതിലും എന്ത് ആനന്ദമാണ് ഇവർ കണ്ടെത്തുന്നത്? സമൂഹത്തിനു വേണ്ടി സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് പകരം വാഴ്ത്തപ്പെടുന്നത് കൊള്ളകാരാണ്. സമൂഹത്തിന്റെ പണം കൊള്ളയടിച്ചു അതിൽ നിന്നും നല്ലൊരു ഭാഗം അപഹരിച്ചും അതിൽ നിന്നും തുച്ഛമായ തുക കൊണ്ട് സമൂഹത്തിന്റെ വായടപ്പിക്കുന്നവർ ഇപ്പോഴും മാന്യന്മാരാണ്. അവർ നേതാക്കളാണ്. അവർ ആരാലും വിമർഷിക്കപ്പെടുന്നില്ല. നൈമിഷികമായ വികാരം കൊള്ളൽ മാത്രമാണ് നടക്കുന്നത്. വികാരം കൊള്ളുന്നവൻ അതെ പ്രവർത്തി ചെയ്യുന്ന തന്റെ നേതാവിനെ പുകഴ്ത്തുന്നു. പകരക്കാരനായി കാണുന്നു. സൽകർമ്മം ചെയ്യുന്ന നേതാവും രാഷ്ട്രീയക്കാരനും വ്യക്തിക്കും രാഷ്ട്രീയത്തിനും അതീതമായി അംഗീകരിക്കപ്പെടുന്നില്ല. അപ്പോഴും അനുയായികൾ അടിമകളാണ്. അവരെ അംഗീകരിക്കാൻ കറ പുരണ്ട നേതാവ് സമ്മതിക്കുന്നില്ല. കറയും രക്തവും പുരണ്ടവനെ വീണ്ടും വീണ്ടും നേതാവ് എന്ന് വിളിക്കുന്നു അടിമകൾ. സമൂഹത്തിന്റെ ഭൂരിപക്ഷ വിഭാഗത്തെ നന്നായി അറിയുന്ന ഇവർ സ്വയം തിരുത്താനോ ചിന്തിക്കാനോ തയ്യാറാകുന്നില്ല. ന്യൂന പക്ഷത്തെ ഒതുക്കുക ഇല്ലായ്മ്മ ചെയ്യുക എന്ന താരതമ്യേനെ ശ്രമകരമല്ലാത്ത ജോലി കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നവർ തെറ്റുകൾ ആവർത്തിക്കുന്നു. പ്രതികരിക്കുന്നവരോട് നിനക്ക് ചെയ്യാനും പ്രതികരിക്കാനും വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്? ദാരിദ്ര്യം, മാലിന്യം, വാർധക്യം കാരണം റോഡിൽ വലിച്ചെറിയപ്പെട്ടവർ ഇതൊന്നും നീ  കാണുന്നില്ലേ എന്ന് ഒന്നും ചെയ്യാത്ത അടിമകൾ തിരിച്ചു ചോദിക്കുന്നു. ഒരു സൽകർമ്മതിലും പങ്കാളിയാവാണോ അതിനെ പ്രോത്സാഹിപ്പിക്കണോ ഇത്തരക്കാരെ കിട്ടില്ല. പട്ടി പുല്ലു തിന്നുകേം ഇല്ല. പശുവിനെ തിന്നാൻ സമ്മതിക്കുകെം ഇല്ല എന്ന അവസ്ഥ.

സ്വാതന്ത്ര്യത്തിന്റെ ആണ്‍ - പെണ്‍ വിഭജനം - അടിസ്ഥാനപരമായ ഘടന കൊണ്ടാണോ പണ്ടു കാലം തൊട്ടേ എഴുതപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല സ്ത്രീ ഇപ്പോഴും രണ്ടാംതരമാണ്. ആദമിന്റെ വാരിയെല്ലിൽ നിന്നും സൃഷ്ട്ടിക്കപ്പെട്ട സ്ത്രീയെ അവിടന്നങ്ങോട്ട് ഒരു രണ്ടാം താരമായി ഭൂരിപക്ഷം കണ്ടു. പ്രസവിക്കാനും ആണിനേയും കുടുംബത്തെയും ഊട്ടാനും മാത്രം എന്നും ആ ഭൂരിപക്ഷ വിഭാഗം സ്ത്രീയെ വിലയിരുത്തി. സ്ത്രീ പുരുഷ സമത്വത്തെ അവർ പല മുടന്ത് ന്യായങ്ങളും പറഞ്ഞു ഒതുക്കി. ഒരു ലൈംഗിക വേഴ്ചാ ഉപകരണം മാത്രമായി സ്ത്രീയെ തരം താഴ്ത്തി. ലൈംഗിക വേഴ്ചയിലും സ്ത്രീ അടിയിലും പുരുഷൻ മുകളിലും കിടന്നു കൊണ്ടുള്ള ഒരു പ്രക്രിയ മാത്രം സമൂഹം തുടർന്നു പോന്നു. അതിനെ പിന്തുടർന്ന് പോന്നു സമൂഹം. ആണിന്റെ സ്ഘലനം കൊണ്ട് അവസാനിപ്പിക്കേണ്ട പ്രക്രിയയായി ലൈംഗികത കണ്ടു. തന്തയെതെന്നറിയാത്ത കുട്ടികളുണ്ടാകും എന്ന കാരണം കൊണ്ട് ഇസ്ലാം ബഹു ഭർത്രുത്വം പാടില്ലെന്നു പറഞ്ഞു. യുദ്ധവും അനുപാതത്തിലെ വിത്യസ്തതയും മൂല കാരണമായി കണ്ടു കൊണ്ട് ബഹു ഭാര്യത്വം അനുവദിച്ച ഇസ്ലാമിലെ ചില പണ്ഡിതർ ഒരു സ്ത്രീയെയും കുടുംബത്തെയും സുഖത്തോടെയും സമാധാനത്തോടെയും നോക്കാൻ കഴിയുക എന്ന അടിസ്ഥാന തത്വം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ച് നാലു പെണ്ണു കെട്ടി.

മൂന്നു പെണ്‍ ജീവനുകൾ.
1.പഠനത്തിൽ എന്നേക്കാൾ ഒരുപാടു മുൻപിലായിരുന്ന എന്റെ ബാല്യകാല സഖി...നാട്ടിലെ ട്യൂഷൻ സെന്ററുകൾ മുഴുവൻ വിചാരിച്ചിട്ടും കണക്കിൽ കഷ്ട്ടി പാസ്‌ മാർക്ക് മേടിച്ച എനിക്ക് ഒരു ട്യൂഷനും പോകാതെ മുഴുവൻ മാർക്ക്‌ മേടിച്ച അവൾ അത്ഭുതമായിരുന്നു. ജീവിതത്തിൽ അവൾ ഓരോ പടവുകളായി ചവിട്ടി കേറുന്നത് ഞാൻ സ്വപ്നം കണ്ടു. എന്റെ കല്യാണമാണെന്ന് അവളു വന്നു നിർ-വികാരയായി പറഞ്ഞപ്പോ കരഞ്ഞത് ഞാനായിരുന്നു. അവൾ പക്ഷെ ആ സാഹചര്യവുമായി  പൊരുതപ്പെട്ടിരുന്നു. പെണ്ണെന്ന മഹാ ശക്തിയെ ഞാനവളിലൂടെ കണ്ടു. കാലങ്ങൾ ഒരുപാടു കടന്നു പോയി. അവളെ പോലെ ഒരുപാടു കൂട്ടുകാരികൾ. ഹൃദയം തൊട്ട ചിലരും.
2.ആണ്‍ വർഘതിനെതിരെ  അതെ നാണയത്തിൽ പ്രതികരിച്ച എന്ടെയൊരു പ്രിയപ്പെട്ട കൂട്ടുകാരി മാന്യൻ എന്ന് സ്വയം വിളിക്കപ്പെടുന്ന എന്റെ ആണ്‍ സുഹ്രതുകക്കിടയിൽ പിഴച്ചവളായി. അവളുടെ മാനം വലിച്ചു കീറാൻ അവർ മത്സരിച്ചു...അവളുടെ ഉപ്പയും ഉമ്മയും എന്നെ വിളിച്ചു. എന്റെ മുൻപിൽ വെച്ച് അവളുടെ ഉപ്പ പൊട്ടിക്കരഞ്ഞു...എന്റെ ഒരൊറ്റ ജാമ്യത്തിൽ അവള്ക്കിഷ്ട്ടപ്പെട്ട കല്യാണം നടത്താമെന്ന് അവർ സമ്മതിച്ചു. ഇന്നവളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ സന്തോഷവാനാണ്. ഇത് പോലെ പ്രിയപ്പെട്ടവളുടെ സന്തോഷത്തിനു എത്ര പേര് ജാമ്യം നിന്നിട്ടുണ്ട്?
3.എന്നെ പോലെ എന്നേക്കാൾ കൂടുതൽ സ്വപ്നവും കഴിവും ഉള്ളവലായിരുന്നു മൂന്നാമത്തെ കൂട്ടുകാരി. എന്നെ ഉണർത്തിയവൾ. പക്ഷെ കിസ്സ്‌ ഓഫ് ലവ്വിന്റെ സംഘാടന യോഗത്തിൽ പങ്കെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് അവൾ വീട്ടുതടങ്കലിലായി. മഫ്ത ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്ന് ശട്ടം കെട്ടി. വിവാഹമെന്ന ചങ്ങല കൊണ്ട് അവളെ ബന്ധിക്കുമെന്നു അവർ ഭീഷണിപ്പെടുത്തി. ഞാൻ നിസ്സഹായനായിരുന്നു.അവർക്കെന്ടെ മാംസമേ വിൽക്കാൻ കഴിയൂ എന്നവൾ കരഞ്ഞു നിലവിളിച്ചു.
ഇവരെ പോലെ ഒരുപാടു പെണ്‍ ജന്മങ്ങൾ. കാലത്തിന്റെ സമൂഹത്തിന്റെ സമുദായത്തിന്റെ അന്ധമായ ഓട്ടത്തിനിടയിൽ ജീവിതം നഷ്ട്ടപ്പെട്ട സ്വപ്നങ്ങൾ വെണ്ണീറായ ഒരുപാടു കൂട്ടുകാരികൾ.

എഴുതാനില്ല ഇനിയൊന്നും. എത്രത്തോളം? എന്തിനു വേണ്ടി? ഒന്നിനു വേണ്ടി മാത്രം..ഞാനോരടിമയല്ല എന്ന് വിളിച്ചു പറയാൻ വേണ്ടി മാത്രം. അന്ധനല്ല ഞാൻ..എനിക്കറിയാം എന്നെ...ഈ ലോകത്തെ...ഞാനറിഞ്ഞിട്ടുണ്ട്‌ എന്റെ സ്വാതന്ത്ര്യത്തെ....മറ്റൊരാളുടെ സ്വതന്ത്ര്യമില്ലയ്മ്മയെ...