Tuesday, August 19, 2014

മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി ആംസ്റ്റർഡാം.

Dhanushkodi
ഏകാന്തതയുടെ അപാര തീരത്ത് നിന്നും.
"ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും" എന്നാണല്ലോ. എന്ത്യേ? അല്ലെ? എന്നാ അങ്ങനെ തന്നെയാണ്.

അപ്പൊ എന്തായിരുന്നു പറഞ്ഞു വന്നത്? ഒന്നും പറഞ്ഞില്ല അല്ലെ. ഓക്കേ. എന്നാ പറയാം.
"അതല്ല..എന്താപ്പോ ഈ മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി അംസ്റ്റർഡാം. ഇത് വഴി എങ്ങനെയാ അംസ്റ്റർഡാം പൊകുന്നെ? ഒരു ബന്ധവും ഇല്ലല്ലോ..
ഈ അംസ്റ്റർഡാം എന്ന് പറയുന്നത്..നെതെര്ലണ്ട്സിൽ അല്ലെ? ഹോളണ്ട്?.."
"അതെ... സംഭവം അത് തന്നെ.."
"അത് എങ്ങനെയടോ ശരിയാകുന്നെ? തനിക്ക് ആകെ മൂന്നു ദിവസം അല്ലെ ഒഴിവു ഉള്ളൂ..അതിനിടക്ക് എങ്ങനെയാ അംസ്റ്റർഡാം പോകുന്നെ?.."
"അതേയ്..താനിങ്ങനെ തോക്കിൽ കേറി വെടി വെക്കല്ലേ മാഷെ..ഞാൻ പറയാം..മൂന്നു ദിവസത്തെ കഥയില്ലേ..എല്ലാം പറയാം..."

------------------------------------------------------------------------------------------------------------

ഓക്കേ....
മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി അംസ്റ്റർഡാം.
എല്ലാം പറയാം..
"ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം....."
"അതു നേരത്തെ കേട്ടതാ ബാക്കി പറ.."
" :( ചൂടാവണ്ട പറയാം.."

------------------------------------------------------------------------------------------------------------

കുറച്ചു ദിവസങ്ങളായി കേൾക്കുന്നതും വായിക്കുന്നതും കാണുന്നതും എല്ലാം ധനുഷ്കോടി. കാണുന്ന സിനിമയും വായിക്കുന്ന ബ്ളോഗും എല്ലാം...സർവം ഒരു ധനുഷ്കോടി മയം..
ശ്രീ ബാല ചേച്ചിയുടെ ഏകാന്തതയുടെ അപാരതീരം വായിച്ചു കഴിഞ്ഞപ്പോ നോ രക്ഷ...എന്നെ പിടിച്ചോ....അല്ലേൽ ഞാനിപ്പോ പോകും ധനുഷ്കോടിക്ക് എന്ന അവസ്ഥ....എനിക്ക് എന്നെ തന്നെ പിടിച്ചു നിർത്താൻ കഴിയുന്നില്ല.
അതിനിടക്കാണ്‌ കൂടെ ജോലി ചെയ്യുന്ന ഒരുത്തന്റെ ഫേസ്ബുക്കിൽ അവൻ കൂട്ടുകാരുടെ കൂടെ ധനുഷ്കോടി പോയ ഫോട്ടോസ് കണ്ടത്. അതും പെരുന്നാൾ ലീവിന്. അവനെ അപ്പൊ എന്റെ കൈയ്യിൽ കിട്ടിയിരുന്നേൽ സ്പോട്ടിൽ കൊന്നെന്നെ..
"അപ്പൊ തന്നെ കൊല്ലുമോ?..."
"ഇങ്ങനെയെങ്കിൽ ഞാനില്ല കളിയ്ക്കാൻ..ഞാനിതു ഒന്ന്  മുഴുമിപ്പിക്കട്ടെ.... എന്നിട്ട് ചോദിച്ചാൽ പോരെ..."
"ഓക്കേ ഓക്കേ ഇനി ചോദിക്കില്ല..ബാക്കി പറ... "(ഒന്നും കൂടെ ചമ്രം പടിഞ്ഞ്‌  ഇരുന്നു...സന്ദേശം സിനിമയിൽ സിദ്ധീക്ക് വീണപോ ഒടുവിൽ ഉണ്ണികൃഷ്ണൻ ചിരിക്കുന്നതും അത് കഴിഞ്ഞു മുഖം തുടക്കുന്നതോടൊപ്പം ചിരി തുടക്കുന്നതും ഉള്ള ഒരു സീൻ ഇല്ലേ...അത് പോലെ..).

"താൻ കഥ പറയുന്നുണ്ടോ..."
"പറയാം..കുറച്ചു ഉപ്പും മുളകും ഇല്ലേൽ ആരും വായിക്കില്ല മാഷെ..."
"ഓ...എന്നാ പറ..ഉപ്പും മുളകും അധികമാവണ്ട..."
"വോകേയ്.."

അങ്ങനെ പാൻട്രിയിൽ ഇരുന്നപ്പോ കൂട്ടുകാരനോട് എന്റെ മനോ വിഷമം പങ്കു വെച്ചു..
"എന്നാലും നീ എന്നെ ഒന്ന് വിളിച്ചില്ലല്ലോ.."
"അതെങ്ങനെയാ...നീ അതും മോഹിച്ചു ഇരിക്കുവാനെന്നു നമ്മൾ അറിയണ്ടെ..ഇനി ഇപ്പൊ എന്ത് ചെയ്യും...അടുത്ത തവണ ആവട്ടെ നോക്കാം.."
തേടിയ വള്ളി കാലിൽ ചുറ്റി എന്നും പറയുന്ന പോലെ അപ്പുറത്ത് നിന്നും ലിബീശേട്ടന്റെ വക ഒരു ചോദ്യം..
"ഞങ്ങൾ പോകുന്നുണ്ട്..വ്യാഴാഴ്ച വൈകുന്നേരം പോരുന്നോ..?"
"എപ്പോ..എങ്ങനെ...എങ്ങോട്ട്..ധനുഷ്കോടിക്കോ....ശരിക്കും? 
(ഒരു വകക്ക് കൊള്ളില്ലാത്ത പന്ന ചായ ഒരൊറ്റ വലിക്ക് കുടിച്ചു ഞാൻ ചോദിച്ചു...)
"ആ...എന്ഫീൽടിന്റെ ട്രിപില് പോകാനായിരുന്നു പരിപാടി..വിപിനും അച്ചുവും...ബട്ട്‌..നോ രക്ഷ അവന്മാരുടെ രജിസ്ട്രേഷൻ കഴിഞ്ഞു..."
(പെരുത്ത്‌ നന്ദി പടച്ചോനെ...ഇങ്ങളെന്നെ മുഴുവനോം മറന്നിട്ടില്ല...)എന്നും മനസ്സിൽ പറഞ്ഞു ലിബീഷേട്ടനോട് ചോദിച്ചു 
"അപ്പൊ എന്നാ നമ്മൾ പോകുന്നെ??"
"താൻ പോരുന്നുണ്ടോ?..ഞാൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യട്ടെ??"
"അത് എന്ത് ചോദ്യമാണ്...എപ്പോ പുറപ്പെട്ടു എന്ന് ചോദിച്ച പോരെ..."
വീണ്ടും വീണ്ടും ചോദിച്ചു അങ്ങനെ ടിക്കറ്റ്‌ ബൂക്ട്...

------------------------------------------------------------------------------------------------------------

എറണാംകുളം ടു മധുരൈ...
വ്യാഴാഴ്ച വൈകീട്ട് 11:30നു... പത്തു മണി ആയപ്പോഴേക്കും ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി.. ആവശ്യക്കാരന് ഔചിത്യം എന്നന്നല്ലോ...
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ട്രെയിൻ വന്നു...
"സ്ളീപർ ഇല്ല...റിസെർവേഷൻ ആണ്..കുഴപ്പമില്ലല്ലോ..."
"സീറ്റ്‌ ഉണ്ടല്ലോ..എന്ത് കുഴപ്പം..ഇനി ഇപ്പൊ നിന്നിട്ടാനെങ്കിലും ഞാൻ പോരും..പോരെ??" (അങ്ങനെ ഒന്നും ഇല്ലെങ്കിലും ഇപ്പൊ എനിക്ക് അങ്ങനെ  തോന്നും. നമ്മടെനായരു ചെക്കൻഉമ്മച്ചി കുട്ടിയോട് പറയുന്ന പോലെ..)
അങ്ങനെ ട്രെയിനിൽ കേറി..എനിക്ക് വേണ്ടി മേടിച്ച സീറ്റിൽ ഉപവിഷ്ട്ടനായി...
ട്രെയിൻ അങ്ങനെ ഉരുണ്ടുരുണ്ട് പോകാൻ തുടങ്ങി...
എറണാംകുളം ടു മധുരൈ 12 മണിക്കൂർ യാത്ര...എന്ത് ചെയ്യും??
കുറച്ചു നേരം ചാഞ്ഞും ചരിഞ്ഞും കിടക്കാതെ ഉറങ്ങി..കാര്യമായിട്ട് ഉറക്കം വരുന്നില്ല..ഇനി ഇപ്പൊ എന്ത് ചെയ്യും? ഫേസ്ബുക്കിൽ കേറിയാൽ ചാർജ് ഫേസ്ബുക്ക്‌ കൊണ്ട് പോകും..അപ്പൊ നെറ്റിനൊദു ഗുഡ് ബൈ..വരുന്ന വരേക്കെങ്കിലും...പ്ളീസ്....
പിന്നെ??

(ഈ ധനുഷ്കോടി യാത്ര മനോഹരമാക്കിയത്തിൽ "The Fault in Our Starts" എന്ന പുസ്തകത്തിന്‌ വലിയൊരു പങ്കുണ്ട്. ആ പുസ്തകം വായിച്ചവർക്ക് "ആംസ്റ്റർഡാം" മനസ്സിലാവും.)

അങ്ങനെ അവരോടു വായിച്ചും ചിന്തിച്ചും കുറച്ചു നേരം  ഉറങ്ങിയും രാത്രി കഴിഞ്ഞു...ഉറക്കം എണീറ്റപ്പോ സമയം രാവിലെ 8-9 മണി ആയി...

വെറുതെ ഒന്ന് ചാഞ്ഞ് ഇരുന്നപ്പോഴാണ് ആദിയെ ഓർത്തത്‌..
ഒരു യാത്ര ഉണ്ടന്നു ഇന്നലെ രാത്രി പറഞ്ഞിരുന്നു..അതിനു ആശംസയും തന്നതാണ്....
സ്വതന്ത്രം ദുരുപയോഗിക്കുന്ന ആണ്‍കുട്ടികളെ കാണുമ്പോൾ എനിക്ക് ആദിയെ പോലുള്ളവരെ ഓർമ വരും...
പെണ്ണായി ജനിച്ചു എന്ന കാരണം കൊണ്ട് സ്വാതത്ര്യം നഷ്ട്ടപ്പെട്ടവർ...എന്നെ പോലെ ഉള്ളവർ യാത്ര പോകുന്നെന്നു അഹങ്കാരത്തോടെ പറയുമ്പോ ഒരു നെടു വീർപോടെ ആശംസ നേരുന്ന കൂട്ടുകാരികൾ...
"WHY SHOULD BOYS HAVE ALL THE FUN...."
ഇടക്ക് തോന്നിയിട്ടുണ്ട്...അവരേം കൂടെ കൂട്ടാം എന്ന്...
ആദിയെ പോലെ...മോളിയെ പോലെ...എന്റെ പ്രിയപ്പെട്ട കൂട്ടുകാരികളെ....എന്തു ചെയ്യാൻ...ഞാൻ നിസ്സഹായനാണ്...
ആണും പെണ്ണും ഒട്ടിയിരുന്നാൽ...ഉറക്കെ ചിരിച്ചാൽ...ഒറ്റക്ക് യാത്ര ചെയ്താൽ..അതിനെയൊക്കെ ചോദ്യം ചെയ്യുന്ന സമൂഹത്തോട് പുച്ഛം തോന്നിയ്യിട്ടുണ്ട്..എന്ത് ചെയ്യാനാ... സോറി മാഷെ..എനിക്കെന്തു ചെയ്യാൻ കഴിയും..പ്രാർഥിക്കുകയല്ലാതെ..

മോളിയോടു എന്തെങ്കിലും യാത്ര ഉണ്ടന്നു പറഞ്ഞാൽ ആദ്യം നല്ല തെറി പറയും..

"ഡോ..."
"എന്താടോ...പറ..."
"ഒരു യാത്രയുണ്ട്....."
"പോടാ പട്ടീ...."
" :) "
" :( എങ്ങോട്ടാ...?"
"ധനുഷ്കോടി..."
" :( :( ഞാനിനി തന്നോട് മിണ്ടില്ല... ഞാൻ പോകാൻ കൊതിച്ചിരിക്കുന്ന സ്ഥലമാണ്..എന്ത് ചെയ്യാൻ...ഞങ്ങൾക്കൊക്കെ മോഹിക്കാനല്ലേ പറ്റൂ.. പോയി വാ..."
"ഓക്കേ..ടേക്ക് കെയർ...സീ യു ലെറ്റർ..ബൈ.."
"ബൈ"

നന്നായി മിസ്സ്‌ ചെയ്തു രണ്ടു പേരേം..ഈ യാത്രയിൽ..

അങ്ങനെ ഹൈസലും അഗസ്ടസും ആദിയും മോളിയും....
അയ്യോ പ്രധാന കഥാപാത്രങ്ങളെ പറയാൻ മറന്നു..ഇത് വായിച്ചാൽ അവരെന്നെ കൊല്ലും...
എന്റെ പ്രിയപ്പെട്ട അച്ചുവും ലിബീഷേട്ടനും...എന്റെ ധനുഷ്കോടി സ്വപ്നം പൂർത്തീകരിച്ചു തന്നെ രണ്ടു വലിയ മനുഷ്യർ..ശരിക്കും രണ്ടു വലിയ മനുഷ്യർ...

Selfie
ഏകാന്തതയുടെ അപാര തീരത്ത് നിന്നും ഒരു സെൽഫീ

ആദിയേം മോളിയേം പൂട്ടി വെച്ചത് ഒരു പ്രത്യേക അറയിലാണ്...
താക്കോൽ ഇപ്പൊ കാണുന്നില്ല...
അവരെ പിന്നീട് കാണിച്ചു തരാം..

അങ്ങനെ ഇവരുടെ കൂടെ സുഖമായി മധുരൈ എത്തി...

Madhurai Railway Station
മധുരൈ റെയിൽവേ സ്റ്റേഷൻ 

നല്ല വിശപ്പുണ്ട്...ഒരാനയെ തിന്നാനുള്ളത്ര വിശപ്പുണ്ട്...ആദ്യം കണ്ട  കുഴപ്പമില്ലാത്ത ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു. മൂന്നു ദിവസം കൊണ്ട് എല്ലാം നന്നായി കണ്ടു പഠിക്കാനുള്ളത് കൊണ്ടും..മോളിയോടും ആദിയോടും വിശേഷങ്ങൾ പറയാനും..പിന്നെ ഇവിടെ പൊടിപ്പും തൊങ്ങലും കൂട്ടി എഴുതാനും.. വേണ്ടി മാംസാഹാരം മൂന്നു ദിവസത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചു..കുഴപ്പമില്ലാത്ത ഒരു ഹോട്ടൽ....നല്ല ചോറ്..കൂടെ സാമ്പാറും പപ്പടവും..വിശപ്പ് മാറാൻ ധാരാളം....

അത് കഴിച്ചു കഴിഞ്ഞു അടുത്ത പരിപാടി...താമസിക്കാനൊരു മുറി വേണം... 
(നല്ല ബൂകിംഗ് ഉള്ള ആ മത്തായി ചേട്ടന്റെ മുറി അല്ല... ഇനി ഇപ്പൊ അതായാലും കുഴപ്പമില്ല... ഇനി ഇപ്പൊ മത്തായിച്ചൻ ഉണ്ടോ ആവോ...)
ഉപ്പും പുളിയും കൂടിയാൽ പറയണം കേട്ടോ...അടുത്ത തവണ ഉണ്ടാക്കുമ്പോ കുറക്കാൻ ശ്രമിക്കാം...
അങ്ങനെ അതും ഓക്കേ.. 1350 രൂപക്ക് നല്ല കിടിലൻ 3ബെഡ് റൂം.  A/C, ടി വി..തുടങ്ങിയ എല്ലാ സൌകര്യങ്ങളും..

Hotel Room
കിടപ്പു മുറി

ഒന്നു വിശ്രമിച്ചു  കുളിക്കാനുള്ളവർ കുളിച്ച് ഞങ്ങൾ (ഞാൻ കുളിച്ചില്ല...എനിക്ക് ഇപ്പോഴും കുളിക്കുന്നത് ഇഷ്ട്ടമല്ല..) പുറത്തിറങ്ങി...

പുറത്തു കണ്ടു കാഴ്ചകൾ..

Madhurai Town
മധുരൈ 
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ 
Jigarthanda : A type of drink like falooda
ജിഗർതണ്ട (ഒരു തരം പാനീയം. ഷേക്ക്‌ പോലെ)
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

തുരുമലൈ നായക്ക് മഹൽ


ഒരു തരം സ്വഭാവ ദൂഷ്യം.


തിരുമലൈ നായക് മഹലിൽ കണ്ട കലാവിരുത് ആണ് ഇത്.
നമ്മൾ വൃത്തിയോടെ കാത്തു സൂക്ഷിച്ചു വിദേശികൾക്ക് മുൻപിൽ നമ്മുടെ സംസ്കാരവും വൃത്തിയും ബഹുമാനവും കാണിക്കുവാനുല്ലതാണ് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. എന്നാൽ അവിടങ്ങളിലെല്ലാം പൊതുവായി കാണുന്നതാണ് ഈ വിധം കോറിയിട്ട പേരുകൾ. ആ സൃഷ്ട്ടിയുടെയും ശില്പിയുടെയും മുഴുവൻ അധ്വാനവും വെറുതെയാക്കി കളയുന്ന ഒരു തരം ഹീന പ്രവർത്തി. എങ്ങനെ നിങ്ങൾക്ക് ഇത് ചെയ്യാൻ മനസ്സ് വരുന്നു? ഷാജഹാൻ മുംതാസിന് വേണ്ടി പണി കഴിപ്പിച്ച താജ് മഹലിലും ഇത് പോലുള്ള വൃത്തികേടുകൾ കാണാം. ട്രെയിനിലും മൂത്രപുരകളിലും കാണുന്നത് പോട്ടെ എന്ന് വെക്കാം. പക്ഷെ ഇതൊക്കെ അല്പ്പം കടന്നകൈ തന്നെയാണ്.

[തിരുമലൈ നായക്ക് മഹൽ. പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട കൊട്ടാരം.തിരുമലൈ നായക് എന്ന രാജാവ് ആണ് ഇത് നിർമ്മിച്ചത്‌. 1623-59 കാലഘട്ടങ്ങളിൽ മധുരൈ ഭരിച്ചിരുന്ന രാജാവ്‌ ആണ് തുരുമലൈ നായക്.]


------------------------------------------------------------------------------------------------------------

കൂടെ പോന്നവരിൽ അച്ചു സ്വല്പം ഭക്ഷണ പ്രിയൻ ആണെന്ന് വൈകാണ്ട് തന്നെ മനസ്സിലായി. റൂമിൽ നിന്നും ഇറങ്ങി നേരെ നടന്നത് മുരുകൻസ് ഇഡലി ഷോപിലെക്ക്. അര മണിക്കൂർ മുന്പ് സമൃദ്ധമായി ഊണ് കഴിച്ചവർ ആണെന്ന് ഓർമ വേണം.
(അതൊക്കെ ആര് ഓർമ്മിക്കാൻ. അല്ല പിന്നെ..ഇതൊക്കെ നമ്മൾ കഴിചില്ലേൽ വേസ്റ്റ് ആയി പോകില്ലേ..)
അവിടെ ചെന്ന് ഒരാൾ മൂന്നു ഇഡലി വീതം കഴിച്ചു. സത്യം പറയണമല്ലോ...നല്ല രുചിയായിരുന്നു. നല്ല സോഫ്റ്റ്‌ ഇഡലി.
അതു വഴി പോകുന്നവർക്ക് തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. അതിന്റെ കൂടെ ഉണ്ടായിരുന്ന ചമ്മന്തി മുഴുവൻ എങ്ങനെ കഴിക്കും എന്നുള്ള ഒരു കണ്‍ഫ്യൂഷൻ ഉണ്ടായിരുന്നു.

ഇഡലി കഴിച്ചു വെറുതെ നോക്കിയപ്പോഴാണ് ചുമരിൽ ജിഗർതണ്ട എന്ന ബോർഡ്‌ കണ്ടത്. 
"അതെന്താ സാധനം? അത് ജീവ അഭിനയിച്ച ഒരു സിനിമ അല്ലെ? അതെന്തിനാ ഇവിടെ? വ്യാജ സീ ഡി ആണോ?..."
കഴിച്ചു കഴിഞ്ഞു ഏമ്പക്കം വിട്ടിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വൈറ്റെർ വന്നു..
"എന്നാ വേണം? കുടിക്കത്ക്ക്?? ചായ..കോഫി...ജിഗർതണ്ട..."
അത് പുള്ളിയുടെ വായിൽ നിന്നും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.
"മൂന്നു ജിഗർതണ്ട.."
"സ്മാൾ ഓർ ലാർജ്...?"
"അതിപ്പോ അങ്ങനെ ഒക്കെ ഉണ്ടോ? ഇതെന്താ നോണ്‍-വെജ് ഹോട്ടലിൽ മദ്ധ്യം വിളമ്പുന്നോ...ഇവിടെ ഒക്കെ എന്തും ആവാമെന്നാണോ??"
എന്തായാലും ഫസ്റ്റ് ടൈം അല്ലെ....
"സ്മാൾ മതി..."
പുള്ളിക്കാരൻ മൂന്നു ചെറിയ കപ്പിൽ സാധനം കൊണ്ട് വന്നു തന്നു. നമ്മുടെ ഷാർജ ഷേക്ക്‌ പോലെ ഒരു സാധനം. വല്ല്യ കുഴപ്പക്കാരൻ അല്ല...

അവിടന്ന് ഇറങ്ങി...റോഡിലൂടെ നടക്കുമ്പോ അത് ശ്രദ്ധിച്ചു. ബൈക്ക് ഓടിക്കുന്ന ആരും ഹെൽമെറ്റ്‌ വെച്ചിട്ടില്ല. പോലിസുകാരു പോലും.

"അതെന്താ അങ്ങനെ..?"
"അത് ഈ നിയമം കൊണ്ടു വന്നത് ഹൈ കോർട്ട് ആണല്ലോ...സുപ്രീം കോർട്ട് അല്ലല്ലോ...അത് കൊണ്ടാവും..."
"ഓ..അത് ശരിയാ..."
(അത് നമുക്ക് പിന്നീട് തീരുമാനിക്കാം..സുപ്രീം കോർട്ട് ആണോ ഹൈ കോർട്ട് ആണോ എന്നുള്ളത്.)

അത് കഴിഞ്ഞു നേരെ വഴിയോരത്ത് വില്പനക്ക് വെച്ച ദൈവങ്ങൾക്കും പൂ ചൂടിയ തമിഴത്തി പെണ്ണുങ്ങൾക്കും ഇടയിലൂടെ മീനാക്ഷി അമ്മൻ ക്ഷേത്രതിലോട്ട്. 

God for Sale
God for sale

Madhrai Meenakshi Temple
മദുരൈ മീനാക്ഷി അമ്മൻ ക്ഷേത്രം.

The Golden Lotus Temple tank
സ്വർണ താമര കുളം.

Elephant
കാശ് കൊടുത്താൽ ആനയിൽ നിന്നും
അനുഗ്രഹം മേടിക്കാം.

Inside the shrine of Meenakshi
ശ്രീകോവിലിലെ സ്വർണ തൂണ്‍ 

Vishnu weds Meenakshi to Shiva
ശിവന്റെ സാനിദ്ധ്യത്തിൽ മീനാക്ഷിയെ
വേളി കഴിക്കുന്ന വിഷ്ണു.

Meenakshi Amman Temple
മദുരൈ മീനാക്ഷി ക്ഷേത്രം 


എന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും മറ്റൊന്ന് ആയതു കൊണ്ട് ഇവിടെ എനിക്ക് കുറെ രൂപങ്ങളും വഴിപാടുകളും നിർമിതികളും അല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.
നാം എന്ത് കാണണം അതിനെ എങ്ങനെ മനസ്സിലാക്കണം എന്ന് തീരുമാനിക്കുന്നത്‌ നാം തന്നെയാണല്ലോ.
ദൈവങ്ങൾക്ക് പണവും സ്വർണവും പഴങ്ങളും നിവേധിക്കുന്നത് കണ്ടിട്ടുണ്ട് പല മതങ്ങളും...ദൈവത്തിന് എന്തിനാണ് ഇതൊക്കെ? അതൊക്കെ നമ്മൾ മനുഷ്യർക്ക് അല്ലെ വേണ്ടത്?
അല്ലേൽ ഈ വിഷയം വേണ്ട അത് നമുക്ക് വിടാം...നമ്മുടെ അറിവുകൾക്കും ആശയങ്ങൾക്കും അപ്പുറത്താണ് ദൈവീകത.

എവിടെയാ പറഞ്ഞു നിർത്തിയത്?
"മീനാക്ഷി അമ്മൻ ക്ഷേത്രം..."

അവിടെ നിന്നും ഞങ്ങൾ പുറത്തിറങ്ങി...
നേരം ഇരുട്ടി...
റൂമിൽ കേറുന്നതിനു മുന്പ് ഭക്ഷണം കഴിക്കണം...
അലഞ്ഞു തിരിഞ്ഞ് നടന്നു ഒരു ഹോട്ടൽ കണ്ടു..അവിടന്ന് ഭക്ഷണം കഴിച്ചു...
വഴിയോരത്ത് നിന്നും കുറച്ചു പേരക്കയും മേടിച്ചു റൂമിലേക്ക് നടന്നു. 
(എന്റെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് നല്ല പച്ച നിറമുള്ള പഴുത്ത പേരയ്ക്ക.)
റൂമിൽ ചെന്ന് കേരളത്തിനേം തമിഴ്നാടിനേം ഒന്ന് അവലോകനം ചെയ്തു...
"പഴങ്ങളുടെയും പച്ച കറിയുടെയും വില കാണുമ്പോ സങ്കടം വരുന്നു..ഇവർക്ക് എന്ത് സുഖമാ..ദിവസവും ആപ്പിളും മുന്തിരിയും കഴിച്ചു കിടക്കാം..നമുക്ക് ഇതൊക്കെ കിട്ടണേൽ ഹൊസ്പിറ്റെലിൽ പോണം..."
അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഞങ്ങൾ ഉറങ്ങി. ഉറങ്ങും മുൻപ് അച്ചുവും ലിബീശേട്ടനും ഒരു കാര്യം പറഞ്ഞിരുന്നു. 
"ഞങ്ങൾ രാവിലെ എണീറ്റ്‌ അമ്പലത്തിൽ പോലും 6 മണി ആകുമ്പോഴേക്കും തിരിച്ചുവരാം. അപ്പോഴേക്കും നീ കുളിച്ചു റെഡി ആകണം.."
"ഓക്കേ...എല്ലാം ശരിയാക്കാം...ഗുഡ് നൈറ്റ്‌.." എന്നും പറഞ്ഞു ഞാൻ കിടന്നു. രാവിലെ അവർ വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്...
അങ്ങനെ ആറരയുടെ ട്രെയിൻ മിസ്സായി.. മൂന്നു പേരും അധികം വഴക്കിനൊന്നും നില്ക്കാതെ കുളിച്ചു കുട്ടപ്പന്മാരായി ബസ്‌ കേറി. (സത്യായിട്ടും ഞാൻ കുളിച്ചു..ദിവസം ഒരു പ്രാവശ്യം എങ്കിലും ഞാൻ കുളിക്കാറുണ്ട്.)

Madurai Bus Stand
മധുരൈ ബസ്‌ സ്റ്റാന്റ് 
Auto rickshaw's in front of Madurai bus stand
ഇരകളെയും കാത്തു കിടക്കുന്ന സിംഹങ്ങൾ 
ബസിൽ ഒരു നാല് മണിക്കൂർ യാത്ര ടു രാമേശ്വരം.
കുറച്ചു ഫോട്ടോസ് കാണിച്ചു തരാം. അല്ലാതെ കുറെ പറയാൻ ഉണ്ടെന്നു തോന്നുന്നില്ല.

Bus to Rameswaram
ഇക്കാര്യത്തിൽ നമ്മുടെ കേരളം തോറ്റു പോകും.

Rameswaram Town
ട്രാഫിക്‌ ലൈറ്റ് കൂടാതെ അത് കാണാത്തവർക്ക്
വേണ്ടി മൈക്കും പിടിച്ചു ഒരു പോലീസുകാരനും ഇവിടെ നിൽപ്പുണ്ട് .
സത്യമായിട്ടും.

Rameswaram Town
രാമേശ്വരം ടൌണ്‍.

Rameswaram Town
രാമേശ്വരം ടൌണ്‍.

Pamban Bridge
പാമ്പൻ പാലത്തിൽ നിന്നും.

Pamban Bridge
പാമ്പൻ പാലത്തിലൂടെ.

Pamban Bridge
പാമ്പൻ പാലം 
രാമേശ്വരത്ത് ഞാൻ ഒന്നും കാണാത്തത് എന്ത് കൊണ്ടായിരുന്നു എന്നതിന് ഒരൊറ്റ ഉത്തരം...
ധനുഷ്കോടി ഇങ്ങനെ വിളിപ്പാടകലെ നില്ക്കുംപോ എനിക്കെങ്ങനെ രാമേശ്വരം ആസ്വധിക്കാനാകും?
ഒരു 2-3 മണി ആയപ്പോഴേക്കും രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലെക്ക് ബസ്‌ കേറി. എന്റെ യാത്രകളിലെ ഏറ്റവും മനോഹരമായ യാത്ര...ചുറ്റും നീണ്ടു പറന്നു കിടക്കുന്ന മണൽ കൂനകളും ഇടയ്ക്കുള്ള മുക്കുവന്മാരുടെ വീടുകളും അല്ലാതെ വേറെ ഒന്നും കാണാനില്ല...അതൊരു കാഴ്ച തന്നെയാണ്. ശ്രീബാല ചേച്ചി പറഞ്ഞത് പോലെ തന്നെ ഏകാന്തതയുടെ അപാര തീരം. കുറച്ചു നേരത്തെ അക്ഷമയോടെയുള്ള യാത്രക്ക് ശേഷം ബസ്‌ രാമേശ്വരം കടപ്പുറത്ത് എത്തി...

അതെ...വിളിപ്പാടകലെ..ആ മനോഹര തീരം...പ്രേത നഗരം..ഏകാന്തതയുടെ അപാര തീരം....ആത്മാക്കളുടെ നഗരം..അങ്ങനെ എന്തും പറയാം... ശ്രീബാല ചേച്ചി പറഞ്ഞതായിരിക്കും കൂടുതൽ ചേർച്ച...ഏകാന്തതയുടെ അപാര തീരം...

അവിടെ നിന്നും ഒരു മിനി ബസിൽ കടൽ തീരത്ത് കൂടെ ശാന്തമായി ഒഴുകുന്ന ബംഗാൾ ഉൾക്കടലിനു അരികത്തു കൂടെ ഒരു സുന്ദരമായ യാത്ര. അൽപ സ്വല്പം അപകടം പതിയിര്ക്കുന്ന യാത്ര. ഇത്രേം നാളത്തെ കാത്തിരിപ്പ് ഒന്നും വെറുതെയായില്ല.

ആടിയുലഞ്ഞുള്ള ആ ബസ്‌ യാത്ര...എത്ര മനോഹരം ആയിരുന്നെന്നോ...വാക്കുകൾക്കതീതം...തിരയും തീരവും ഒരുപോലെ അറിഞ്ഞ യാത്ര...
എന്നെ ഈ മനോഹര തീരത്തേക്ക് വിളിച്ചു വരുത്തിയ എല്ലാ പ്രേത മനുഷ്യത്മാക്കൾക്കും നന്ദി. 

ഇനി കുറച്ചു പുറകോട്ടു പോകാം..
പണ്ട് പണ്ട് പണ്ട്...
മൂന്നു നാലു മാസങ്ങൾക്ക് മുൻപ്..
അന്ന് യാധ്രശ്ചികമായി ടിവിയിൽ കണ്ടു...
ശ്രീബാല ചേച്ചിയെ...
പ്രഭാത ഭക്ഷണ ശേഷം വെറുതെ ഇരുന്നു ചനെലുകൾക്കിടയിലൂടെ ഓടിയപ്പോ കണ്ടു...മാത്രഭൂമി ചാനെലിൽ..
"സബർമതിയിലെ ബാപ്പു."
അതിനെ കുറിച്ചുള്ള ഇന്റർവ്യൂ ആയിരുന്നു. ചാനൽ മാറ്റാൻ ഒരുമ്പെട്ട ഉപ്പയുടെ കയ്യിൽ നിന്നും റിമോട്ട് തട്ടി പറിച്ചു മാത്രഭൂമി തന്നെവെച്ചു ...
ചായ കയ്യിൽ പിടിച്ചു ടിവിയിലേക്ക് ഉറ്റു നോക്കുന്ന എന്നെ നോക്കി  ഒരു ചിരി ചിരിച്ച് ഉപ്പ എണീറ്റ്‌ പോയി..

അതിനു ശേഷമാണ് ഞാൻ ഏകാന്തതയുടെ അപാര തീരം വായിച്ചത്..

കുറെ വിട്ടു പോന്നു അല്ലെ... ഇനി കുറച്ചു ഫോട്ടോസ് കണ്ടിട്ട് ബാക്കി പറയാം..

Bay of Bengal
ബംഗാൾ ഉൾക്കടൽ 

Bay of Bengal
ബംഗാൾ ഉൾക്കടൽ 

Wrecked fishing boat at Lands End, Dhanushkodi
തകർന്നു കിടക്കുന്ന ഒരു തോണിയുടെ ബാക്കി പത്രം 

Trip to Dhanushkodi
മറക്കാനാവാത്ത ആ യാത്ര.

Trip to Dhanushkodi
കണ്ണെത്താ ദൂരത്തേക്ക്.

Trip to Dhanushkodi
ഞങ്ങളെ സുരക്ഷിതമായി രാമ സേതു
പൊയന്റിൽ എത്തിച്ച വാഹനം.

Adam's Bridge
രാമ സേതു പോയിന്റ്‌. (ഇന്ത്യയിൽ നിന്നും ശ്രീ ലങ്കയിലെക്കുള്ള ഒരേ
ഒരു കര മാർഗമുള്ള അതിർത്തി ഇതായിരുന്നു പണ്ട്)

ഇനി ധനുഷ്കോടിയെ പറ്റി പറയാം. പ്രേത നഗരം എന്നാണ് ധനുഷ്കോടി അറിയപ്പെടുന്നത്. 1964 ലിൽ ഉണ്ടായ ഒരു ചുഴലിക്കാറ്റ് ആണ് ഈ നഗരത്തിനു ആ പേര് കൊടുത്തത്. അത് വരേയ്ക്കും എല്ലാ നഗരങ്ങളെയും പോലെ മനുഷ്യനും മറ്റു ജീവികളും ഒരു പോലെ വസിക്കുന്ന ജീവവായു ഉള്ള ഒരു നഗരം തന്നെയായിരുന്നു ധനുഷ്കൊടിയും. റെയിൽവേ സ്റെഷനും പള്ളിയും സ്കൂളും അങ്ങനെ എല്ലാം ഉണ്ടായിരുന്ന ഒരു നഗരം. ഇന്നോ..ഇനിയും മരിക്കാത്ത..മരിക്കാൻ തയ്യാറാകാത്ത..ഇപ്പോഴും എവിടെയൊക്കെയോ ജീവന്റെ തുടിപ്പുള്ള ഒരു നഗരം. ഇപ്പോഴും അവിടെ മനുഷ്യർ ഉണ്ട്. മുക്കുവന്മാർ. പിന്നെ അവരുടെ ചെറിയ കടകളും. പ്രേത നഗരം കാണാൻ വരുന്നവർക്ക് ഓരോ കാഴ്ച വസ്തുക്കൾ സമ്മാനിച്ച്‌ അതിൽ നിന്നും ഉപജീവനം കണ്ടെത്തുന്നവർ.

ഇതാ കണ്ടോളൂ ഇനിയും നശിചിട്ടില്ലാതെ ചില അവശിഷ്ട്ടങ്ങൾ.

Remnants of a Church
1964 ലെ ചുഴലിക്കാറ്റിൽ നശിച്ചുപോയ ഒരു പള്ളിയുടെ
അവശിഷ്ട്ടം (ബിഗ്‌ ബി എന്ന സിനിമയിലെ ആ പാട്ടു സീനിലെ
ബിൽഡിംഗ്‌.)

Remnants of a Dhanushkodi
ബാക്കി പത്രങ്ങൾ 

Remnants of a Dhanushkodi
ബാകി പത്രം 

Remnants of a Dhanushkodi
ഇനിയും ഒരു തെളിവിനു മാത്രമായി.

Remnants of a Dhanushkodi
എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

Remnants of a Dhanushkodi
തിരയുടെ ക്രൂര വിനോദം.


Remnants of a Dhanushkodi
തീരവും അവശിഷ്ട്ടങ്ങളും.

Remnants of a Dhanushkodi
ഇനിയും ഒരു ഉയിർതെഴുന്നെൽപ്പിനായി.

Dhanushkodi Beach
ഞാൻ ഇവിടെ ഒക്കെ പോയിരുന്നു എന്നതിന് ഒരു തെളിവ് വേണ്ടേ.ധനുഷ്കോടിയിൽ നിന്നും ഏതാണ്ട് 18 മൈൽ (29 കിലോമീറ്റർ) മതി ശ്രീ ലങ്കയിൽ എത്താൻ. പണ്ടായിരുന്നു. ഇപ്പൊ പറ്റില്ല. ഇപ്പൊ അവിടെ മുഴുവൻപരന്നു കിടക്കുന്ന കടലാണ്.
പാമ്പൻ സ്റ്റേഷനിൽ നിന്നും ഓടിയിരുന്ന ഒരു ട്രെയിൻ ഉണ്ടായിരുന്നു. 1964 ലെ ചുഴലികാറ്റിൽ നൂറോളം യാത്രക്കാരുമായി ആ ട്രെയിനും യാത്രക്കാരും അഴലിന്റെ ആഴങ്ങളിലേക്ക് യാത്രയായി. ആ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും അതിന്റെ ഒരു തെളിവ് എന്നോണം അവശിഷ്ട്ടമായി കിടപ്പുണ്ട്. ആ പ്രദേശത്തിന്റെ ഭൂ പ്രക്രതി അങ്ങനെ ആയതു കൊണ്ടാവാം തുടർച്ചയായി കടലാക്രമണത്തിന് ഇരയായിരുന്നു ധനുഷ്കോടി പണ്ട്. 

ഇപ്പോഴും ഒരു വിധത്തിലുള്ള പുനരുദ്ധാരണ പ്രവർത്തികളും നടക്കാതെ ഒരു പ്രേത നഗരമായി അത് അവശേഷിക്കുന്നു. ഒരു അടിസ്ഥാന സൌകര്യങ്ങളും ഇല്ലാതെ..
എങ്ങും പരന്നു കിടക്കുന്ന മണലും കടലും മാത്രം...ഇടക്ക് ആ പാവം മുക്കുവന്മാരുടെ കുടിലുകളും...ഓല മേഞ്ഞത്...

മനുഷ്യനു ജീവിക്കാൻ കൊട്ടാരങ്ങളും ബാത്ത് ടബ്ബും മോഡുലാർ കിച്ചണും എ സിയും ഫ്രിഡ്ജും ഒന്നും വേണ്ട എന്നതിന് ഉത്തമ ഉദാഹരണം ആണ് ഓരോ ധനുഷ്കോടി നിവാസിയും.
കുറച്ചു നേരം കറന്റ്‌ ഇല്ലാതെയായാൽ..നെറ്റ് സ്പീഡ് കുറഞ്ഞാൽ....മഴ കുറഞ്ഞാൽ..കൂടിയാൽ...ട്രാഫിക്‌ ബ്ളോക്കിൽ കുടുങ്ങിയാൽ കിടന്നു അലറുന്ന നാമോരോരുത്തരും മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് ഇവരൊക്കെ എങ്ങനെ ജീവിക്കുന്നു എന്നത്. ആവശ്യത്തിനു ഉപ്പും മുളകും മേടിക്കാൻ പോലും ഒരു കടയില്ല.. നിനക്കൊക്കെ തിന്നത് എല്ലിനിടയിൽ കുടുങ്ങിയതിന്റെയാണ് എന്ന് പറയില്ലേ..അതാണ്. അത് മനസ്സിലാകണമെങ്കിൽ പല്ലിനിടയിൽ പോലും ഒന്നും കുടുങ്ങാനില്ലാത്ത മനുഷ്യന്റെ ജീവിതം കാണണം.

ഏറെ നേരം ആ തീരത്ത് ചിലവഴിക്കാൻ സമയവും ഡ്രൈവറും ഞങ്ങളെ സമ്മധിച്ചില്ല..അവിടെ നിന്നും തിരിച്ചു രാമേശ്വരത്തിനു...പാതി വഴിയിൽ വെച്ച് ഡ്രൈവർ കാശ് മേടിച്ചു. നൂറു രൂപ. അതത്ര വലിയ തുകയൊന്നും അല്ലായിരുന്നു. കണ്ട കാഴ്ചകൾക്ക്..മനസ്സിലാക്കിയ സത്യങ്ങൾക്ക്. പാതി വഴിയിൽ എത്തിയപ്പോ അച്ചുവാണ് പറഞ്ഞത്..
"നമുക്ക് ഇനി അങ്ങൊട്ട് നടന്നല്ലോ?"
"അത് കൊള്ളാം.. ഈ തീരത്തു കൂടെ.."
"തമ്പീ..ഇങ്കെ നിര്തുങ്കോ...ഞങ്ങൾ നടന്നു വന്നോളാം..."
കാശ് കൊടുത്തത് കൊണ്ട് ഡ്രൈവർ വണ്ടി നിറുത്തി. ഞങ്ങൾ ആ തീരത്ത് കൂടെ പ്രേത നഗരത്തിന്റെ തുടിക്കുന്ന ജീവനും കണ്ടറിഞ്ഞു നടന്നു...
നടന്നു നടന്ന് രാമേശ്വരം എത്തി..അവിടെ ആ തീരത്ത് കുറച്ചു സമയം ഇരിക്കാം എന്ന് തീരുമാനിച്ചു...ഇന്നൊരു ദിവസം കൂടെ മാത്രം . നാളെ ഈ നേരം ആകുമ്പോഴേക്കും നാട്ടിലേക്ക് വണ്ടി കേറി കാണും...
രാമേശ്വരത്ത്...ആ മനോഹര തീരത്ത്...തിരയെണ്ണി...തിരയുടെ സൌന്ദര്യംആസ്വധിച്ചങ്ങനെ ഇരുന്നു.

എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി..എന്റെ ഹൃദയത്തെ കൊളുത്തി വലിക്കുന്ന ഒരു കാഴ്ച...
ദെ വരുന്നു...എന്ഫീല്ടെന്മാർ..വരി വരിയായി...ആ എന്ഫീല്ടിന്റെ ശബ്ദം...
ഒരു ശീല്കാരത്തേക്കാൾ എന്നെ മോഹിപ്പിച്ച ശബ്ദം...
ഒരു പെണ്ണിനേക്കാൾ എന്നെ മോഹിപ്പിച്ച വാഹനം...
അതങ്ങനെ വരി വരിയായി വരുന്നത് കണ്ടപ്പോ ഞാൻ എല്ലാം മറന്നു...
ധനുഷ്കോടിയും ഈരേഴു പതിനാല് ലോകവും ഞാൻ മറന്നു...

അവരു പോയി കഴിഞ്ഞപ്പോ..
തിരയുടെ നുരകൾ എന്നെ മെല്ലെ എന്നെതലോടാൻ തുടങ്ങി...
ഞാനുണർന്നു..
മെല്ലെ കാല്ച്ചുവട്ടിലെക്ക് നോക്കി....
എന്റെ പാദങ്ങളെ തഴുകി മെല്ലെ പിന്നോട്ട് പോകുന്ന തിരകൾ...
ഉറങ്ങനോരുങ്ങുന്ന ജ്യേഷ്ടനെ മെല്ലെ തോണ്ടി വിളിച്ച് ഓടുന്ന കൊച്ചു കുഞ്ഞിനെ പോലെ..
എന്റെ മിനുവിനെ പോലെ...
കാൽപാദങ്ങൾ നിലത്തടിച്ച്..കൊച്ചു പാദസരങ്ങൾ കിലുക്കി....ഉറക്കം നഷ്ട്ടപ്പെടുതിയത്തിൽ വഴക്ക് പറയുമെന്ന് പേടിച്ചു മെല്ലെ ഓടുന്ന...എന്റെ കൊച്ചു പെങ്ങളെ പോലെ....
എന്നെ ഒന്ന് തഴുകി ആ തിര പിന്നോട്ട് പോയി...
എന്നെ ചിന്തകളിൽ നിന്നും വിളിച്ചതിന് ദേഷ്യപ്പെടുമോ എന്ന പേടിയോടെ...
ഞാൻ കൈ നീട്ടി..പേടിച്ചു പേടിച്ചു അവൾ വീണ്ടും വന്നു....
ഞാൻ വഴക്ക് പറയുന്നില്ല എന്ന് കണ്ടപ്പോൾ അവളെന്റെ കൈകളിലേക്ക് കേറി....
ആ കൊച്ചു കൈകൾ എന്നെ പുണർന്നു...
ഞാനവളെ  വാരിയെടുത്ത് ഉമ്മ വെച്ചു..
ഒരുപാടൊരുപാട്..
വീണ്ടും വീണ്ടും..
മതി വരുവോളം...

തിരകളെ പറ്റി പറയുമ്പോൾ ഒരുപാടു പറയാനുണ്ട്...
പ്രിയതമനെ രതി മൂർച്ചയിൽ എത്തിച്ചു പിൻവാങ്ങുന്ന പ്രിയതമയെ പോലെ...
കാലുകൾക്കിടയിലൂടെ ഓടികളിക്കുന്ന കൊച്ചു പെങ്ങളെ പോലെ..
പൂച്ച കുഞ്ഞിനെ പോലെ....
പനിച്ചു വിറച്ച് ഉമ്മയുടെ മടിയിൽ കിടക്കുമ്പോ തലമുടിയിഴകളിൽ തഴുകുന്ന ഉമ്മയുടെ കൈ വിരലുകൾ പോലെ....
നേരം വൈകി വന്നതിനു ശാസിക്കുന്ന ഉപ്പയെ പോലെ....
പ്രണയിതാക്കളെ കണ്ട സാധാചാര വാദികളെ പോലെ....
തിരകൾക്കു പല ഭാവങ്ങളാണ്...
ഓരോ നേരത്തും ഓരോ ഭാവങ്ങൾ..
തോന്നിയ പോലെ...

അവൾക്കെന്നെ വിട്ടു പോവാൻ ഇഷ്ട്ടമാല്ലയിരുന്നു..
എനിക്കും...
യാത്ര അനിവാര്യമായതു കൊണ്ട് മാത്രം അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം സമ്മാനിച്ച്‌ ഞാൻ യാത്ര പറഞ്ഞു..
ഇനിയും വരുംമെന്നു പറഞ്ഞ്..
ഇല്ല ഇത് നുണയല്ല...
ഞാൻ ഇനിയും വരും..നിന്നെ കാണാൻ...


നന്ദി..
എന്നെ ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്ന ശ്രീബാല ചേച്ചിക്ക്...
ഒന്ന് കൂടെ ഓർമിപ്പിച്ച അഖിലിന്..
കൂടെ കൂട്ടിയ അച്ചുവിന്...ലിബീശേട്ടന്..
എവിടെയോ ഇരുന്നു കൂടെ പറന്നു വന്ന പ്രിയപ്പെട്ടെ ആദിക്ക്...എന്റെ സ്വന്തം മോളിക്ക്...
ഹൈസലിനു..അഗസ്റ്റസിനു...ജോണ്‍ ഗ്രീൻ എന്ന എന്റെ പ്രിയ കൂട്ടുകാരന്.
എന്നെ ഇങ്ങനെ പറക്കാൻ അനുവദിച്ച ഉപ്പാക്ക് ഉമ്മാക്ക്...എന്നെ ഒരു ആണായി ജനിപ്പിച്ച...സർവ ശക്തനായ ദൈവത്തിന്...
നന്ദി...നന്ദി....നന്ദി..ഒരു നൂറായിരം നന്ദി.

കൂടുതൽ അറിയാൽ 
ധനുഷ്കോടി
മീനാക്ഷി അമ്മൻ ക്ഷേത്രം
തിരുമലൈ നായക് മഹൽ 
പാമ്പൻ പാലം

ഞാൻ കണ്ട കാഴ്ചകൾ എന്റെ കണ്ണിലൂടെ കാണാൻ.
ആ മനോഹര തീരത്തു കൂടെ
എന്റെ യാത്ര

Sunday, August 3, 2014

ഉമ്മാ

നീണ്ട പതിനേഴു വർഷത്തെ സ്വർഗ ജീവിതത്തിനും മൂന്നു വർഷത്തെ രണ്ടാം സ്വർഗ ജീവിതനിനും ശേഷം ദൈവം ആദി പുത്രനെ ഭൂമിയിലെക്കിറക്കിയ പോലെ എന്നെ എറണാംകുളതെക്ക് മാറ്റി. ഇനി നീ അവിടെ ജീവിച്ചാൽ മതി എന്നും പറഞ്ഞ്.
ഈ ശിക്ഷ എനിക്കു തരാൻ ഞാൻ കഴിച്ച വിലക്കപ്പെട്ട കനി ഏതാണെന്ന് ചോദിച്ചപ്പോ ദൈവം മറുപടി പറഞ്ഞില്ല.
ഹോസ്റ്റലിൽ എത്തിയ ആദ്യത്തെ ദിവസം തന്നെ ഞാൻ ആസ്വദിച്ച വിലക്കപ്പെട്ട കനി  ഏതാണെന്ന് എനിക്ക് മനസ്സിലായി. രാത്രി കഴിക്കാൻ വേവാത്ത ചോറും കൂടെ വെള്ളത്തിൽ ഉപ്പും മുളകും ഇട്ട കറിയും.
ഉറങ്ങാൻ നേരം ഉമ്മ വിളിച്ചപ്പോ ഞാൻ പറഞ്ഞു.

"ഉമ്മാ..ഉമ്മ ഉണ്ടാക്കിയിരുന്ന കഞ്ഞി വെള്ളം താളിച്ച കറിയും...ചമ്മന്തിയും തന്നെയായിരുന്നു ബെസ്റ്റ്.."

നൊന്തു പെറ്റ വയറിനു അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.

"ഉമ്മ എന്താ ചെയ്യാ... നീ വല്ല ഹോട്ടലിൽ നിന്നും കഴിച്ചോ മോനേ..കാശ് ഞാൻ അയച്ചു തരാം.."

ഫോണ്‍ വെച്ച ഉടൻ സിദ്ധീക്ക് പറഞ്ഞു.

"നീ എന്ത് വിവരക്കേടാണ് പായീ പറഞ്ഞത്? നമ്മൾ പട്ടിണി ആണേലും അത് ഉമ്മാനോട് പറയണോ? ഉമ്മാക്ക് വിഷമാവില്ലേ? ഇന്നിനി നിന്റെ ഉമ്മ വല്ലതും കഴിക്കുമോ?"

ശരിയാണല്ലോ...മോശമായിപ്പോയി..
അതിനു ശേഷം ഒരു ദിവസം പട്ടിണി കിടക്കേണ്ടി വന്നാലും ഉമ്മ വിളിക്കുമ്പോ പറയും..

"ഞാൻ പിന്നെ വിളിക്കാം ഉമ്മാ..വയറു നിറഞ്ഞു പൊട്ടാറായി..ഇന്ന് ഒരു പാർട്ടി ഉണ്ടായിരുന്നു..."

ഫോണ്‍ വെക്കുന്നതിനു മുന്പ് സന്തോഷം നിറഞ്ഞ ഉമ്മാന്റെ ശബ്ദം കേൾക്കാം...

"നോക്കീ..ഇന്ന് ഫായിക്ക് ഒരു പാർട്ടി ഉണ്ടായിരുന്നത്രേ നല്ലോണം ഫുഡ്‌ കഴിച്ചു എന്ന്...സംസാരിക്കാൻ വയ്യ എന്ന് പറയുന്നു.."

ഇടതു കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചു...ഉമ്മാന്റെ സന്തോഷം കൊണ്ട് നിറഞ്ഞ വയറും തടവി വീണ്ടും നടന്നു..

ഉമ്മാ...