Tuesday, May 13, 2014

"ഇങ്ങളെ ഇപ്പൊ ഒന്ന് കാണാൻ കിട്ടുന്നില്ല" എന്നൊരു സ്ത്രീയോട് ഒരു പുരുഷൻ പറഞ്ഞാൽ അത് ഇന്ന് തെറി ആണ്.

രാവിലെ ചായ കുടിച്ചു നേരെ പീടിക പടിയിലോട്ടു. അവിടെ കാത്തു നിക്കും മറ്റുള്ളവരെ. കാത്തു നിന്നിട്ടും വന്നില്ലേൽ നേരെ അവന്റെ വീട്ടിലോട്ട്. 
"സകീർ കൂയ്.... സകീർ കൂയ്" 
മറുപടി തരുന്നത് മിക്കവാറും ഉമ്മയോ പെങ്ങളോ ആയിരിക്കും. 
"ഓൻ വാപ്പാന്റെ ഒപ്പം ആ തൊടൂലുണ്ടാവും..." 
"ഓൻ കക്കൂസിലാ..." 
"ഇപ്പൊ വരും ഓൻ ചായ കുടിച്ചാണ്..." 
അങ്ങനെ പോണു മറുപടികൾ. മിക്കവാറും പാന്റ്സ്. അല്ലെങ്കിൽ  തുണി. അപൂർവമായി മാത്രം ഷോര്ട്ട്സ്. ബൂട്ട് ഇല്ല. എന്തിനു നേരെ ചൊവ്വേ ചെരുപ്പ് പോലും ഇട്ടിട്ടുണ്ടാകില്ല ഒരെണ്ണം. ഫുട്ബോൾ അല്ലെങ്കിൽ ക്രിക്കറ്റ്...അതിനപ്പുറതെക്ക് വേറെ കളി ഇല്ല. ചളിയിലും ചേറിലും ഉരുണ്ടു ഒരു 12 മണി 12.30 വരെ നീണ്ട കളി. 

[കളിക്കിടക്ക് അനിയനോ അനിയത്തിയോ ഇടയ്ക്കു കേറി വരും. അതുമല്ലെങ്കിൽ അയൽ പക്കത്തെ വേറെ ഏതെങ്കിലും കുട്ടികൾ. കാക്കൂനെ ഇപ്പ വുളിചൂണ്ട്..ആരൊക്കെ വിരുന്നേര് വന്ന്ക്കുന്നു. എല്പ്പം വരാൻ പറഞ്ഞു. പാതി വഴിക്ക് കളി നിറുത്തി നേരെ വീട്ടിലേക്ക്.]

അത് കഴിഞ്ഞു നേരെ കുളി ക്കടവ്. ഷർട്ട്‌ പുല്ലിൽ അഴിച്ചു വെച്ച് ഒരൊറ്റ ചാട്ടം...പിന്നെ അര മുക്കാൽ മണിക്കൂർ നീണ്ടു നിക്കുന്ന നീരാട്ട്. സോപ്പ് വേണ്ടവർ അപ്പുറത്ത് അളക്കുന്ന സ്ത്രീകളുടെ അടുത്തേക്ക് പോയി സോപ്പ് തേക്കുന്നു. പകരമായി അലക്കി കുന്നു കൂട്ടിയ പുതപ്പും മറ്റു തുണികളും പിഴിയാൻ സഹായിക്കുന്നു. കുളിയും കഴിഞ്ഞു തല തോര്തി ഏതെങ്കിലും ഒരു പറമ്പിലൂടെ വീട്ടിലേക്ക്.. പോകുന്ന വഴി മാങ്ങ, അടക്കാ പഴം, കശു മാങ്ങ...അങ്ങനെ പോഷക സമൃതം ആയ പഴങ്ങൾ. അതും കടിച്ചു നേരെ വീട്ടിലോട്ട്. പീടിക പടിയിലോ വഴിയിലോ വെച്ച് ഉപ്പാനെ കാണുന്നു. 
"എവിടായിരുന്നു ഇത്രേം നേരം... വേഗം കുടീൽ പോ.."
എന്ന ഒരു ശാസന... ഉപ്പാനെ കണ്ടപ്പോ ഒളിപ്പിച്ച മാങ്ങയും കടിച്ചു നേരെ വീട്ടിലോട്ട്. പോകുന്ന വഴി വീടിന്റെ മതിലിൽ സൊറ പറഞ്ഞിരിക്കുന്ന വല്ല ഇത്തമാരും വിളിക്കും... 
"എടാ സക്കീറെ .. ഇജ്ജ് ഈ മൂചിമ്മേ ഒന്ന് കേറിക്കാ...ഉച്ചക്ക് കൂട്ടാൻ ഒന്നൂല്ല. ഒന്ന് കേറെടാ..." 
"ഞാൻ കുളി കഴിഞ്ഞു വരാണ്.." 
എന്ന് ചുമ്മാ പറഞ്ഞാലും മൂചിമ്മേ കേറി പത്തു മാങ്ങാ പറിചിട്ടേ വീട്ടില് പോകൂ...അതിലെ ഒരു 4 എണ്ണം തന്നിട്ട് 
"ഇത് ഇമ്മാക്ക് കോട്താളാ.." 
ആ മാങ്ങയും കയ്യിൽ പിടിച്ചു ചാടി ചാടി ഒരു പോക്ക്... വീട്ടില് ചെല്ലുപോ അടുപ്പിൽ നിന്നും പുക ഉയരുന്നത് കാണാം. വല്ല ഓല ക്കൊടി ചീന്തിയോ...വിറകു വെട്ടിയോ അയൽവാസിയുമായി സൊറ പറഞ്ഞോ ഉമ്മ അവിടടുത്ത് തന്നെ ഉണ്ടാകും. ഇനി ഇപ്പൊ കണ്ടില്ലേൽ... 
"ഇമ്മാ..." 
ന്നൊരു നീട്ടി വിളി വിളിച്ചാൽ വിളിപ്പുറത്ത്. 
"ഇജ്ജ് ങ്ങനെ തെണ്ടി തിരിഞ്ഞു നടന്നോ...അനക്കൊന്നും പഠിക്കാൻ ഇല്ലേ...അന്റെ വാപ്പ ഇങ്ങട്ട് വരട്ടെ...ഞാൻ കാണിച്ചു തരാം...." 
"ഇജ്ജ് കുളിച്ചോ..?" 
"ആ പൊയെന്നു കുളിച്ചു..." 
"ഇന്നാ വാ...കഞ്ഞി കുടിച്ചു രണ്ടച്ചരം വായ്ച്ചാൻ നോക്ക്.. വെർതെ ഇപ്പന്റെ കജ്ജ്ന്നു തല്ലു വെട്ച്ചണ്ട.." 
കഞ്ഞി കുടിച്ചു പിന്നെ എഴുത്തും കുത്തും... പിന്നെ ഒരു ഉച്ച മയക്കം.

****

ഇനി ഇപ്പൊ കുറച്ചു പ്രായ പൂർത്തി ആയവർ ആണെങ്കിൽ ഒരു പ്രത്യേക തരാം സൊള്ളൽ ഉണ്ട്. "സൂറാതാ ഇങ്ങളെ ഒന്നും കാണാൻ കിട്ടൂല്ലല്ലോ....പൊറതൊന്നും അറങ്ങാറില്ലേ.." 
"ഇജ്ജ് പോടാ അനക്കല്ലേ ഇപ്പൊ ഞമ്മളെ ഒന്നും മാണ്ടാതെ ഈ വൈക് കണ്ടിട്ടെന്നെ കാലം കൊറേ ആയി..."
അങ്ങനെ നാടു വര്ത്തമാനം പറഞ്ഞങ്ങനെ പോകും. അതിനിടക്ക് വാപ്പയോ പുയാപ്പ്ലയോ വന്നാൽ തട്ടം നേരെ ആക്കി ഇത്ത പിന്തിരിയും. 
"ഹാ എവട്യയിരുന്നു ഇങ്ങള്. കണ്ടിട്ട് കൊറേ ആയല്ലോ..." 
"ഓരോ ചുറ്റു പാട് ആയിട്ടങ്ങനെ പോണൂ.. പിന്നെന്തോക്കെടോ അന്റെ വർത്താനങ്ങൾ..."
ചിലപ്പോ ഒരു സുലൈമാനി വരെ നീണ്ടു പോകും ആ സംഭാഷണം.

****

മനസ്സോ ശരീരമോ ഇതിനപ്പുരതെക്ക് മറ്റൊന്നും ചിന്തിക്കാത്ത സംഭാഷണങ്ങൾ. നാട്ടിലെ എല്ലാ കുട്ടികളും സ്വന്തം മക്കളാണ്. എല്ലാ ആണുങ്ങളും സ്വന്തം അനിയന്മാര് ആണ്. സഹായങ്ങൾ ചോദിക്കാനും നല്കാനും ഒട്ടും മടിയില്ലായിരുന്നു ആര്ക്കും.
"ഇജ്ജ് ഇതൊന്നു അര്ത് തന്ന..."
"ഈ മൂചിമ്മേ ഒന്ന് കേറിക്കാ...."
"ഈ കേറ്റില് ഒന്ന് ഇറങ്ങിക്കാ.."
ഇങ്ങനെ ചോദിക്കാൻ ആര്ക്കും മടി ഇല്ലാത്ത കാലം.

****

ഇപ്പോഴത്തെ കളിയും പ്രവര്ത്തിയും പലരും പറഞ്ഞു പറഞ്ഞു തഴമ്പിചതായതു കൊണ്ട് ഞാൻ പറയുന്നില്ല.

****

ഇനി മറ്റൊരു തലത്തിലേക്ക്...
ഫേസ് ബുക്ക്‌ ചാറ്റിൽ പതിവിനു വിപരീതമായി തെറി കൊണ്ട് അഭിഷേകം ചെയ്യുന്ന ഒരുത്തൻ. ഇങ്ങോട്ട് പറഞ്ഞതിന്റെ ഇരട്ടി അങ്ങോട്ട്‌ പറഞ്ഞു ശീലം ഉണ്ടായിരുന്നെങ്കിലും ക്ഷമ പാലിച്ചു. തിരിച്ചു തെറി കിട്ടാത്തത് കൊണ്ട് അവൻ ചോദിച്ചു 
"നിങ്ങൾ എന്താണ് തിരിച്ചു തെറി പറയാത്തത്?"
"നീ എന്തിനാണ് തെറി പറഞ്ഞത്...?"
അങ്ങനെ പിന്നെ പിന്നെ അവൻ വഴങ്ങി... സ്വന്തം കഥ എന്നോട് പങ്കു വെക്കാൻ തുടങ്ങി. 
തന്നിഷ്ട്ടകരിയായി ജീവിക്കുന്ന അമ്മ. സ്വന്തം ശരീരം മറ്റുള്ളവര്ക്ക് പങ്കു വെച്ച് മനസ്സ് മരിച്ചപ്പോ സ്വന്തം മകളെയും അതിലേക്കു വലിചിഴക്കേണ്ടി വന്നു ആ അമ്മക്ക്. ഈ അമ്മയെയും പെങ്ങളെയും ആവശ്യക്കാർക്ക് എത്തിച്ചു കൊണ്ടുക്കേണ്ടി വരുന്ന മകൻ. അതാണ്‌ ഞാൻ. "നിങ്ങളൊക്കെ എന്ത് ഭാഗ്യം ചെയ്തവർ ആണ്. സുഖവും സമാധാനവും നിറഞ്ഞ ജീവിതം ദൈവം എന്തിനാണ് ഞങ്ങളോട് ഇങ്ങനെ?.."
എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ ആയില്ല. ഈ ലോകത്തെയും.
ഞാൻ അടക്കമുള്ള സമൂഹത്തിന്റെ വാക്കും നോട്ടവും പ്രവര്ത്തിയും ഉണ്ടാക്കുന്ന വിപത്തിനെ ഞാൻ അതിന്റെ മൂര്ധന്യവസ്ഥയിൽ കണ്ടു. ഇത്തരത്തിൽ ഒരു മകൻ, അനിയൻ... ഇവരും ഈ സമൂഹത്തിൽ അല്ലെ ജീവിക്കുന്നത്? ഞാൻ അടക്കമുള്ള സമൂഹം ഇതിനു കാരണക്കാരൻ അല്ലെ.... ഒഴിഞ്ഞു മാറാൻ ആവില്ല ഒരാള്ക്കും...

****

ഇതിൽ നിന്നും സമൂഹം ഒന്നും പഠിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരത്തിൽ ഉള്ള ഒരായിരം പേരെ അടുത്തരിയേണ്ടി വന്നാലും നമുക്ക് കിട്ടുന്ന ആകെ തുക വട്ട പൂജ്യം ആണ്. 
ഈ നൂറ്റാണ്ടിലെ യുവ സമൂഹത്തിനു സാമൂഹിക പ്രതി ബന്ധത കുറയുന്നു. ഒരു പരിപാടിക്കും ആരെയും കിട്ടുന്നില്ല. എല്ലാരേയും ഒന്നും കൂടി യോജിപ്പിച്ച് കൊണ്ട് വരണം. യുവാക്കൾ ഊര്ജ സ്വലർ ആകണം. 
എന്നും പറഞ്ഞു ഒരു കൂട്ടം പുരോഗമന വാദികൾ ഒരു മീറ്റിംഗ് വിളിച്ചു. ഞാൻ അടക്കമുള്ള യുവാക്കൾ ശ്രോതാക്കൾ ആയി. നെറ്റും പി എസ് സിയും ഐ എ എസും എഞ്ചിനീയർ ഡോക്ടർ എന്ട്രൻസ് അങ്ങനെ ഇന്നത്തെ യുവ സമൂഹം മുന്നോട്ടു വരണ്ട മേഖലകളെ കുറിച്ച് അവർ ഗോരം ഗോരം പ്രസംഗിച്ചു. 
"ഭാവിയിൽ ആരാകണമെന്നാണ് നിങ്ങളുടെ സ്വപ്നം..?"
കേട്ട് തഴമ്പിച്ച ചോദ്യം.
"ഡോക്ടർ....എഞ്ചിനീയർ....കളക്ടർ.."
അങ്ങനെ കേട്ട് തഴമ്പിച്ച ഉത്തരങ്ങളും...
ഇതിനിടക്ക്‌ ഒരു ഉപകര പ്രദമായ കാര്യം ആയിക്കോട്ടെ. വല്ലതുമൊക്കെ ഇവര മനസ്സിലക്കിക്കോട്ടേ എന്നും വിചാരിച്ചു ആ ഫേസ് ബുക്ക്‌ സുഹ്രത്തിന്റെ കഥ ഞാൻ അവരോടു പങ്കു വെച്ചു...
ഇത് കേട്ട സംഘാടകരിൽ പെട്ട ഒരു അധ്യാപകൻ...
"ഇത് വളരെയേറെ ഉപകരപ്രദമായ ഒന്നാണ്. നമ്മുടെ മീറ്റിംഗ് അതിന്റെ ചർച്ചകൾ ഫോട്ടോസ് ഇവയെല്ലാം നമ്മൾ ഫേസ് ബുക്കിൽ ഷെയർ ചെയ്യണം. സോഷ്യൽ മീഡിയകളിൽ നമ്മൾ ഒന്ന് കൂടി ആക്റ്റീവ് ആകണം.

സമൂഹത്തെ നന്മയും തിന്മയും പഠിപ്പിക്കേണ്ട ഒരു അധ്യാപകൻ ഇതിനെ മനസ്സിലാക്കിയത്‌ ഇങ്ങനെ ആണ്. എത്രത്തോളം മലീമസമായിരിക്കുന്നു ഈ സമൂഹം....
ആ സുന്ദരമായ കാലത്തെ കുറിച്ച് സ്വപ്നം കാണാൻ പോലും അർഹതയില്ലതവരായി നാം മാറിയിരിക്കുന്നു.

പണവും സാങ്കേതിക വിദ്യയും എല്ലാം നമുക്ക് വേണ്ടതിൽ അധികം ഇന്നുണ്ട്. പരസ്പര വിശ്വാസം മാത്രം ഇല്ല. കൂടെ നടക്കുന്നവനെയോ യാത്ര ചെയ്യുന്നവനെയോ സ്ത്രീക്ക് പേടിയാണ്. താനും ഒരു ഡൽഹി പെണ്‍കുട്ടി ആയെക്കുമോ എന്ന പേടി. ഞാൻ അങ്ങനെ ഉള്ള ആളല്ല എന്ന് പറയാൻ നമുക്കും കഴിയില്ല. അറിയാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ തട്ടിയാൽ അത് ഇന്ന് സ്ത്രീ പീഡനം ആണ്.
അറിയാതെ ആണോ അറിഞ്ഞിട്ടാണോ എന്നുള്ളത് അത് ചെയ്ത വ്യക്തിക്ക് പോലും പറയാൻ കഴിഞ്ഞില്ല. മാറി വന്ന സ്ത്രീയുടെ വസ്ത്ര ധാരണയെ കുറ്റം പറഞ്ഞു ഒഴിയാൻ കഴിയുമോ നമ്മൾ യുവ സമൂഹത്തിനു?

"ഇങ്ങളെ ഇപ്പൊ ഒന്ന് കാണാൻ കിട്ടുന്നില്ല" എന്നൊരു സ്ത്രീയോട് ഒരു പുരുഷൻ പറഞ്ഞാൽ അത് ഇന്ന് തെറി ആണ്. 

പുഴക്കരയിൽ അളക്കുന്ന സ്ത്രീകള് അപ്പുറത്ത് കുളിക്കുന്ന ചെക്കന്മാർ.

സ്വപ്നത്തിൽ പോലും കാണാൻ കഴിയുമോ ഇനി ഇങ്ങനെ ഒന്ന്??

No comments:

Post a Comment