Monday, January 12, 2015

പ്രതികരണ തൊഴിലാളികൾ

ഈ ലോകത്ത് രണ്ടു തരം മനുഷ്യരെ ഉള്ളൂ.
1. പ്രതികരിക്കുന്നവരും
2. പ്രതികരിക്കാത്തവരും

പ്രതികരിക്കാത്തവരെ കുറ്റം പറയാൻ പറ്റില്ല. അവർ സ്വതവേ പ്രശ്നങ്ങൾ ഇഷ്ട്ടപ്പെടുന്നില്ല. തങ്ങളുടെ ലോകത്ത് സ്വന്തം ഇഷ്ട്ടങ്ങളുമായി ജീവിക്കാനാണ് അവർക്ക് ഇഷ്ട്ടം. അത്രത്തോളം സാമൂഹിക പ്രതിബന്ധതയൊന്നും ഈ വിഭാഗത്തിന് ഉണ്ടാകില്ല. മാത്രമല്ല കാലിക വിഷയങ്ങളിൽ പലതിലും അവർ അറിവില്ലാത്തവരും ആയിരിക്കും. ഇനി അറിവ് ഉണ്ടെങ്കിൽ തന്നെ ഞാനെന്തിനു വയ്യാ വലികൾ തലയിലെടുത്തു വെക്കണം എന്ന് കരുതി പ്രതികരിക്കാതിരിക്കുന്നവരും കുറവല്ല. അങ്ങനെ പ്രതികരിച്ചു പല അപകടങ്ങളിലും ചെന്ന് ചാടിയ പലരും ഉദാഹരണങ്ങളായി ഉണ്ടാകുമ്പോ മിണ്ടാതെ വല്ലിടത്തും പോയി നില്ക്കുന്നതാണ് നല്ലതെന്നുള്ള തോന്നൽ സ്വാഭാവികം.

ഇനി പ്രതികരിക്കുന്നവർ. ഇവരിൽ തന്നെ രണ്ടു വിഭാഗമുണ്ട്. പ്രതികരണം എന്ന് പറയുന്നതിനേക്കാൾ വിമർശനം എന്ന് പറയുന്നതാവും നല്ലത്.

1. തന്നെ അറിഞ്ഞും തന്റെ തെറ്റ് കുറ്റങ്ങളെ അറിഞ്ഞും പ്രതികരിക്കുന്നവർ. തന്റെ അഭിപ്രായം തെറ്റെന്നു മനസ്സിലായാൽ അത് തുറന്നു പറയാൻ മാന്യത കാണിക്കുന്നവൻ. ഒരു നല്ല ശ്രോധാവ് കൂടിയാണ് ഇത്തരതിലുള്ളവർ. കാരണം എതിർത്തു സംസാരിക്കുന്ന ആളുടെ നിഗമനങ്ങളെ വിലയിരുത്തുക കൂടി ചെയ്യുമ്പോഴാണ് വിമർശനങ്ങളും ചർച്ചകളും വിജയകരമാവുന്നത്. അല്ലാത്ത പക്ഷം അത് ചുമ്മാ വായിട്ടലക്കൽ മാത്രമാവും. രാഷ്ട്രീയ പാർടികളുടെ കവല പ്രസംഗം പോലെ പരസ്പരം പഴിചാരൽ മാത്രമാവും. ഒരു സംവാദമോ ചർച്ചയോ വിജയിക്കുന്നത് അവസാനം നല്ലൊരു നിഗമനത്തിൽ എത്തുമ്പോഴാണ്. ഏതെങ്കിലും ഒരാൾ പരാജയപ്പെടുമ്പോഴാണ്. ഇത്തരത്തിലുള്ള ആരോഗ്യപരമായ ചർച്ചകൾ വിജ്ഞാന പ്രദവും സമൂഹോന്നമനതിനു വഴി വെക്കുന്നവയുമാണ്.

2. എന്തിനും ഏതിനും അഭിപ്രായങ്ങൾ മാത്രം പറയുന്നവർ. തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും അത് കുഴപ്പമില്ലാതെ ചെയ്ത ഒരാളെ ഒരു മാന്യതയും ഇല്ലാതെ വിമർശിക്കുന്നവർ. കഴിവിനെ മാത്രമല്ല. ചില ചെയ്തികളെ, സമരങ്ങളെ, മാധ്യമങ്ങളെ, പൊതു പ്രവർത്തകരെ, കൂടെ ജോലി ചെയ്യുന്നവരെ. ഇങ്ങനെയുള്ളവരെ ഒരു മാന്യതയും നാണവുമില്ലാതെ വിമർശിക്കുന്നവർ. ആരോഗ്യകരമായ വിമർശനങ്ങൾ വ്യക്തിക്കും സമൂഹത്തിനും നന്മ മാത്രമേ ചെയ്യുന്നുള്ളൂ. വിമർശിക്കുന്ന ആളുടെ മനസ്സിലും ആ നന്മ മാത്രമേ ഉള്ളൂ. അവർ പക്ഷെ വിമർശനങ്ങളിൽ മാത്രം ഒതുക്കില്ല. പ്രതികരിക്കും. അവിടെയാണ് വിമർശനവും പ്രതികരണവും ഒന്നായി വരുന്നത്. കഴിവുണ്ടായിട്ടും പ്രതികരിക്കാതെ വിമർശിച്ചു കൊണ്ടിരിക്കുന്നവർ ഇരു ഉപയോഗവും ഇല്ലാത്ത പാഴ് വസ്തുക്കളാണ്. ഒന്നിനും കൊള്ളില്ല. വെറുമൊരു പ്രതികരണ തൊഴിലാളികൾ. ഞങ്ങൾ സമൂഹത്തിന്റെ നന്മ മനസ്സിൽ കണ്ടാണ്‌ ഇതൊക്കെ പറയുന്നത്. കൈ കൊണ്ട് തടയാൻ കഴിയാത്തത് വാ കൊണ്ട് പറയുകയെങ്കിലും ചെയ്യുക എന്ന് തുടങ്ങി ഒരുപാടു മുടന്തൻ ന്യായങ്ങൾ ഇവർക്കുണ്ടാകും. ചോധ്യങ്ങൾക്ക് വസ്തുനിഷ്ഠമായ ഉത്തരമോ മറുപടിയോ ഇത്തരക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്. എവിടെയോ പറഞ്ഞു കേട്ട കുറെ കാര്യങ്ങൾ, അതു ഭൂരിപക്ഷത്തിന്റെ കൂടെ നിന്ന് കല്ലെറിയുക മാത്രമാണു ചെയ്യുന്നത്. എന്താണ് സംഭവം? എന്ത് കൊണ്ട് ഒരു വിഭാഗം അതിനെ വിമർശിക്കുന്നു? വിമർശിക്കപ്പെടും എന്ന് ഉറപ്പായിട്ടും എന്ത് കൊണ്ട് അവർ ഇത് ചെയ്യുന്നു? (ചുംബന സമരം ഒരു ഉദാഹരണം) ഞാൻ എന്തിനു ഇതിനെ വിമർശിക്കണം? ഞാൻ അതിനു യോഗ്യനാണോ? എന്നൊന്നും കൂട്ടം കൂടി നിന്ന് കല്ലെറിയുന്ന ഒരുത്തനും തന്നെ ചിന്തിക്കുന്നില്ല.

നമുക്ക് ചുംബന സമരത്തിന്റെ കേസ് തന്നെ എടുക്കാം. തെറ്റാണെന്ന് ആരോ പറഞ്ഞു. ഭൂരിപക്ഷം അത് ഏറ്റുപിടിച്ചു. എന്തുകൊണ്ട് ചുംബന സമരം? അതിന്റെ കാലിക പ്രസക്തി എന്താണ്? എത്രത്തോളമാണ്? എന്നൊന്നും അതിനെ വിമർശിക്കുന്ന ബഹു ഭൂരിപക്ഷം ആളുകൾ നോക്കുന്നില്ല. കാലഘട്ടങ്ങളായി സെക്സ് പഠിക്കാൻ പോണ്‍ വീഡിയോകൾ ആശ്രയിക്കുന്ന ഇതേ ഭൂരിപക്ഷ സമൂഹം. അതല്ലെങ്കിൽ സെക്സും അന്യ സ്ത്രീ പുരുഷ സൌഹൃദങ്ങളും പാപമായി മാത്രംകണ്ടും സംസാരിച്ചും പോന്ന ഒരു സമൂഹം. അവരെ കൊണ്ട് സ്വപ്നത്തിൽ പോലും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ് സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷന്മാർക്കിടയിലെ സ്വാതന്ത്ര്യ ഇടപെടലുകളും. അതിനോടൊപ്പം തന്നെ തന്നെ കൊണ്ട് സാധിക്കാത്തത് താൻ എന്നും മോഹത്തോടെ മാത്രം കണ്ടിരുന്ന സ്ത്രീ സൌഹൃദങ്ങൾ ചിലർ അറിയുമ്പോൾ ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരം frustration (മോഹ ഭംഗം) അതാണ്‌ ഇവരെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്.

ഞാൻ കണ്ട, അറിഞ്ഞ ലോകത്തെ പറ്റി മാത്രമേ എനിക്ക് സംസാരിക്കാൻ പറ്റൂ. അതിലെ ആധികാരികതയുള്ളൂ. അത് കൊണ്ട് പറയുകയാണ്‌. ഈ കാലഘട്ടത്തിൽ പോണ്‍ വീഡിയോ കണ്ടിട്ടില്ലാത്ത, അന്യ സ്ത്രീ പുരുഷന്റെ നഗ്നത ആസ്വധിചിട്ടില്ലാത്ത, ഒരന്യ ശരീരത്തെ പ്രേമിചിട്ടില്ലാത്ത, പ്രേമിക്കാൻ മോഹിചിട്ടില്ലാത്ത ഒരാള് പോലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു ജാടക്കു വേണ്ടി ഇല്ല എന്നു നിങ്ങൾക്ക് കളവു പറയാം. പക്ഷെ അത് സത്യമല്ലെന്ന് നിനക്കും എനിക്കും ഒരുപോലെ അറിയാം. അത് കൊണ്ട് പറയുകയാണ്‌. വായിട്ടലക്കുന്നതിനു മുൻപ് ഒരു തവണയെങ്കിലും കണ്ണാടി നോക്കുക. ആട്ടിൻ തോലിട്ട ചെന്നായയെ നിങ്ങള്ക്ക് കാണാം. പിന്നെ എന്തിനു വേണ്ടിയാണു ഇതെല്ലാം? ചുംബന സമരത്തെയും ആണ്‍ - പെണ്‍ സൌഹൃദങ്ങളെയും വിമർശിക്കരുത് എന്നല്ല പറയുന്നത് നിനക്കൊന്നും അതിനു യോഗ്യതയില്ല എന്നാണു. കാരണം. അന്യന്റെ മകളെ - പെങ്ങളെ- ഭാര്യയെ പ്രേമിച്ച നിനക്ക് മറ്റൊരു അന്യ സ്ത്രീയും പുരുഷനും സ്വകാര്യ നിമിഷങ്ങൾ പങ്കിടുമ്പോൾ അതിൽ ഇടപെടാൻ എന്താണ് അവകാശം? കാരണം നീയൊക്കെ ചെയ്യുന്നത് തന്നെയാണ് അവർ ചെയ്യുന്നത്. നിങ്ങൾക്ക് അതിനു നാല് ചുമരിന്റെ മറ വേണം. പക്ഷെ അവർക്ക് വേണ്ട. മറ തേടുന്നത് വ്യഭിച്ചരിക്കാനാണ്. അല്ലാതെ ചുംബിക്കാൻ ആരും മറ തേടി പോകില്ല. ഒരു പാട് പോണ്‍ വീഡിയോ കണ്ടു ചുംബനം വെറുമൊരു ഫോർ പ്ലേ മാത്രമായി കാണാനേ നിങ്ങൾക്ക് കഴിയൂ. സമൂഹത്തിലെ പൊതു സമ്മതരിൽ പലരും ഇതിനെ അനുകൂലിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒരൊറ്റ തവണ ആലോചിച്ചാൽ മതി.

ഞാനീ പറഞ്ഞതെല്ലാം തന്നെ എല്ലാവർക്കും അറിയുന്നതാണ്. ഒരു പുതിയ കാര്യമൊന്നുമല്ല ഞാനീ പറഞ്ഞത്. പിന്നെ എന്ത് കൊണ്ട്? സമൂഹം ഇപ്പോഴും പഴയതിനേക്കാൾ അഥപതിച്ചു കൊണ്ടിരിക്കുന്നു? കാരണം ഒന്നേ ഉള്ളൂ. തന്റെ തെറ്റുകളെ കുറവുകളെ അംഗീകരിക്കാൻ കഴിയില്ല. അതിപ്പോഴും ഒരു കുറവ് തന്നെയാണ്. എതിരഭിപ്രായങ്ങൾ ഉണ്ടാവുക സാധാരണയാണ്. എല്ലാ കാര്യത്തിലും രണ്ടു പക്ഷം ഉണ്ടാകും. അതിപ്പോ സ്വന്തം അമ്മയെ തല്ലിയാലും. സംവാദങ്ങളിലായാലും ഇത് പോലുള്ള സമരങ്ങളുടെ കാര്യത്തിലായാലും കാലക്രമേണ സത്യവും അസത്യവും മറ നീക്കി പുറത്തു വരും. പക്ഷെ, അജണ്ട പല തവണ വ്യക്തമാക്കിയിട്ടും ചുംബന സമര വിരോധികൾ ഇപ്പോഴും അതിനെ കാണുന്നത് ലൈംഗിക വേഴ്ചയായി തന്നെയാണ്. അവർ ഇപ്പോഴും ചെയ്യുന്നത് ഇവരുടെ പ്രൈവറ്റ് ഫോട്ടോസ് എടുത്തു നിലവിളിക്കുകയാണ്.

ഞാനും നിങ്ങളുമൊക്കെ മലയാളികളാണ്. ഒരു പാട് വൃത്തികേടുകൾ നിറഞ്ഞ വൃത്തികെട്ട പല മനുഷ്യർ ഉള്ള ഒരു സമൂഹം കൂടിയാണ് നമ്മൾ മലയാളികൾ. പലതിനെയും ഇപ്പോഴും അംഗീകരിച്ചു കൊടുക്കാൻ കഴിയാത്ത, വീമ്പു പറയാൻ മാത്രം അറിയുന്ന ഒരു പറ്റം ആളുകൾ കൂടിയാണ് മലയാളികൾ. ചിലയിടത്ത് ചെന്ന് മലയാളിയാണെന്ന് പറയാൻ പോലും മടിക്കുന്ന ഒരുപാടു കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട്. വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതിനു ഒരു മാറ്റം ഈ അടുത്ത കാലത്തോ ലോകവസാനതിനു മുൻപോ സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. തോന്നുന്നില്ലെന്നല്ല. നടക്കില്ല. ദൈവം തമ്പുരാൻ വന്നു പറഞ്ഞാൽ പോലും നന്നാവില്ല എന്ന് ദൃഡ നിശ്ചയം എടുത്ത ആളുകൾ പിന്നെ എങ്ങനെ നന്നാവാനാണ്?

ഈയടുത്ത ദിവസങ്ങളിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ കണ്ടു. അന്യ നാട്ടിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഫീസ്‌ കൊടുക്കാൻ വേണ്ടി പോയ അച്ഛൻ കണ്ടത് ഒരു ആണ്‍കുട്ടിയുടെ കൂടെ കൊഞ്ചി കൊഴിയുന്ന മകളെയാണ്. എന്നൊക്കെ പറഞ്ഞു സാധാചാരം പൊട്ടിയൊലിക്കുന്ന ഒരു "പ്രവാസി" കഥ. ഞാൻ ആദ്യമേ അയാളോട് പറഞ്ഞു കഥ കൊള്ളാം. പക്ഷെ ഇത് പോലത്തെ കഥകൾ കാരണം അനുഭവിക്കേണ്ടി വരുന്നത് മാന്യമായി ജീവിക്കുന്നവരാണ്. നിങ്ങളെ പോലുള്ളവരാണ് എന്നെ പോലുള്ളവരെ കുറിച്ച് നാട്ടിൽ കഥകൾ പറഞ്ഞു പരത്തുന്നത്. എന്ത് പറഞ്ഞിട്ടും ടിയാൻ സമ്മതിക്കാൻ തയ്യാറല്ല. ഞാൻ അതിലെ നന്മ മാത്രമാണ് ഉദ്ദേശിച്ചത്, നിനക്കൊന്നും അന്യന്റെ പെങ്ങളെ കളിയ്ക്കാൻ കിട്ടാത്തത് കൊണ്ടാണ്, അങ്ങനെ തുടങ്ങി ഒരുപാടു ആരോപണങ്ങൾ. അയാളുടെ സംസ്കാരം അയാള് കാണിച്ചു. ഞാൻ അത്രയേ മനസ്സിലക്കിയുള്ളൂ. കാരണം അന്യന്റെ പെങ്ങളെ കിട്ടിയാൽ അവിടെ കളി മാത്രമേ നടക്കൂ എന്നാണ് അവന്റെയൊക്കെ ധാരണ. അന്യ സ്ത്രീയും പുരുഷനും തമ്മിൽ സെക്സ് മാത്രമേ നടക്കൂ എന്നുള്ള തരത്തിലാണ് അയാൾ അവസാനം വരെ സംസാരിച്ചത്. ഫീസ്‌ കൊടുക്കാൻ വന്ന അച്ഛൻ കണ്ടത് തന്നെ പോലുള്ള ഒരുത്തനെയാവില്ലേ എന്ന് ഒരു തവണയെങ്കിലും ആ മാന്യൻ ചിന്തിച്ചു നോക്കാത്തത് കൊണ്ടാണ് ഇത് പോലുള്ള പോസ്റ്റുകൾ പിറക്കുന്നത്‌. ഞാൻ പറയുന്നത് എന്ത് തന്നെയായാല്ലും അംഗീകരിക്കാൻ അയാൾ തയ്യാറല്ല. പക്കാ മലയാളി.

ഇതിനു മുന്പ് ഒരു ദിവസം നാട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. റെയിൽവേ സ്റെഷനിലെത്തി മുൻപിൽ ഒരു പണ്ഡിതൻ നടക്കുന്നുണ്ട്. വെള്ളയും വെള്ളയുമാണ് വേഷം. അടുത്ത് തന്നെ ഒരു അന്ധൻ കഷ്ട്ടപ്പെട്ടു റെയിൽവേ പാളം മുറിച്ചു അപ്പുറത്തേക്ക് പോകാൻ ശ്രമിക്കുന്നു. എന്നേക്കാൾ പ്രായമുള്ളവരും വിവരവും വിദ്യാഭ്യാസവും ഉള്ളവർ അവിടെ ചുറ്റുമുണ്ട്. ഒരുത്തനും അത് ശ്രദ്ധിക്കുന്നില്ല. ഞാൻ അയാളെ ചേർത്ത് പിടിച്ചു പാളം മുറിച്ചു കടന്ന് അയാളെ പോവെണ്ടിടത് എത്തിച്ചു തിരിച്ചു പോന്നു. എന്നെ പുകഴ്ത്തി പറഞ്ഞതല്ല. അത് പോലുള്ളവരെ അപൂർവ്വമായെങ്കിലും നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടാകും. വൃദ്ധന് ഭക്ഷണം നല്കുന്ന സ്കൂൾ കുട്ടികൾ, യാചകരെ ഭക്ഷണം കഴിപ്പിക്കുന്ന മുടി വെട്ടി കൊടുക്കുന്ന ആ മനുഷ്യൻ, അനാഥ വൃദ്ധരെ സഹായിക്കുന്ന അശ്വതി അങ്ങനെ ഒരുപാടു നന്മ മരങ്ങളെ നിങ്ങൾക്ക് അപൂർവ്വമായെങ്കിലും കാണാം. ആരോ ചെയ്ത സുകൃതം.നന്മ വറ്റാത്ത അപൂർവ്വം മനസ്സുകൾ. പക്ഷെ നിങ്ങൾക്ക് ഒരിക്കൽ പോലും ഒരു രാഷ്ട്രീയ നേതാവിനേയോ ആത്മീയ പ്രഭാഷകനെയോ ഇത്തരത്തിൽ കാണാൻ കഴിയില്ല. മാത്രവുമല്ല ഇവരെ അവഗണിക്കുന്നത് ധാരാളം കാണാനും കഴിയും.

മിണ്ടാതെ അവിടെയെങ്ങാനും ഇരുന്നോണം. ഇനി വല്ലതും പരയുകയാണേൽ അത് ഭൂരിപക്ഷത്തിന് സമ്മതമാവുന്നതാവണം. അല്ലാത്ത ഒന്നും തന്നെ പറയാനോ ചെയ്യാനോ പാടില്ല. ഈയടുത് കൊചൗസെപ് ചിറ്റിലപ്പിള്ളി എന്ന മനുഷ്യൻ ഒരു ട്രാഫിക് ഉദ്യോഗസ്ഥക്കും മണലൂറ്റിനെതിരെ സമരം ചെയ്ത ജസീറ എന്ന സ്ത്രീക്കും 5 ലക്ഷം വാഗ്ദാനം നല്കുകയുണ്ടായി. പല കാരണങ്ങളായും അതിൽ ജസീറക്കുള്ള വാഗ്ദാനം അദ്ദേഹം തന്നെ വേണ്ടെന്നു വെച്ച്. ഇതിനു ശേഷം അദ്ധേഹം മലയാളികൾക്കിടയിൽ വ്യാപകമായി വിമർശിക്കപ്പെട്ടു. 5 ലക്ഷം പോയിട്ട് 1000 രൂപ പോലും അന്യനു നൽകാത്തവൻ വരെ കീ ബോർഡ്‌ എടുത്തിറങ്ങി. മലയാളികളുടെ ഒരു തരം അഴുകിയ മെന്റാലിറ്റി.

വാൽകഷണം : കുറച്ചു സമയം കണ്ണാടി നോക്കിയാൽ തീരാവുന്ന ചെറിയ പ്രശ്നങ്ങളേ ഉള്ളൂ എല്ലാം. പ്രാധാന്യം കൊടുക്കുന്ന ഒന്നും തന്നെ അത്രത്തോളം പ്രാധാന്യം അർഹിക്കാതതാണ്. പ്രാധാന്യം കൊടുക്കേണ്ട ഒന്നും തന്നെ ചർച്ച ചെയ്യാൻ ഭൂരിപക്ഷം തയ്യാറല്ല. ന്യൂന പക്ഷം തയ്യാറായാൽ തന്നെ അതിനു സമ്മതിക്കുകയും ഇല്ല.


Thursday, January 8, 2015

എന്തു കൊണ്ട് ചാർളീ ഹെബ്ടോ? എന്തു കൊണ്ട് ഇസ്ലാം?

ഒരു കാർട്ടൂണ്‍ വരച്ചു എന്ന കാരണം കൊണ്ട് ഒരു സ്ഥാപനം ആക്രമിക്കപ്പെട്ടു. 12 പേർ കൊല്ലപ്പെട്ടു. മതാന്ധത ബാധിച്ച ഒരു വിഭാഗം കാരണം കുറച്ചൊന്നുമല്ല സമൂഹം അനുഭവിക്കേണ്ടി വരുന്നത്. മതം നമുക്ക് സ്വർഗം വാഗ്ദാനം ചെയ്തു. വിശ്വസിക്കുന്നവനു സ്വർഗമുണ്ടെന്നും അവിടെ സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം സൌകര്യങ്ങൾ ഉണ്ടെന്നും പറഞ്ഞു. സുന്ദരികളായ സ്ത്രീകൾ, പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരമുള്ളതുമായ പാനീയങ്ങൾ അങ്ങനെ എല്ലാമെല്ലാം മതങ്ങൾ മരണാന്തരം നമുക്ക് വാഗ്ദാനം നല്കി. ആത്മ അനന്ത സാക്ഷിയായ ഖുർആൻ നന്മ മാത്രം കൽപ്പിച്ചു. തെറ്റും ശരിയും യഥാക്രമം വിലയിരുത്തി. എന്നിട്ടും ആധുനിക ലോകത്തിനും മനുഷ്യ ജീവനും ഏറ്റവും അപകടകരമായ ഒരു മതമായി ഇസ്ലാം മാറി. ഇസ്ലാമിനെ അങ്ങനെ മാറ്റിയെടുത്തു ഒരു വിഭാഗം.
ഇന്നും നീണ്ടു നില്ക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പ്രശ്നങ്ങൾ, പെഷവാർ വെടിവെപ്പ്, ഗാസ, താലിബാൻ, ഐസിസ് എല്ലാം സർവ്വ സമാധാന കാംശിയായ ഇസ്ലാം എന്ന മതത്തിന്റെ ഉപോൽപന്നങ്ങൾ. തലയൊന്നുയർതാൻ പോലുമാകാതെ തലയ്ക്കു മുകളിൽ വെടിയും ബോംബും ഒഴിയാത്ത കഷ്മീരിന്റെയും അഫ്ഗാനിസ്താന്റെയും ഗാസയുടെയും പാലസ്ത്രീന്റെയും ജനത. ചുംബിക്കാൻ പോയിട്ട് നൊന്തു പെറ്റ പൊന്നിനെ ഒന്ന് മുലയൂട്ടുന്നതിനു മുൻപ് കണ്ണ് തുറന്നു ഉമ്മയെ ഒന്ന് കാണുന്നതിനു മുൻപ് ഇഹ ലോകം വെടിയേണ്ടി വരുന്ന പിന്ചോമനകൾ. എതിർത്തു നില്ക്കാൻ മറ്റൊരു മതമോ കയ്യിലൊരു മുട്ടു സൂചിയോ ഇല്ലാതിരുന്നിട്ടു പോലും നിഷ്കരുണം തീ തുപ്പുന്ന തോക്കിനു മുൻപിൽ ജീവൻ വെടിയേണ്ടി വരുന്നവർ!!
ഇന്നും നിസ്കാരത്തിലെ കൈ കെട്ടുന്നതിനെ കുറിച്ചും സ്ത്രീ പള്ളിയിൽ പ്രവേശിക്കുന്നതിനെ കുറിച്ചും സുന്നി-മുജാഹിദ് സത്യ-അസത്യങ്ങളെ കുറിച്ചും പ്രസംഗിക്കുന്ന മത നേതാക്കൾ എന്ന് വിളിക്കപ്പെടുന്ന വെള്ളയും വെള്ളയും ധരിച്ചു താടി വെച്ച് വീമ്പു പറഞ്ഞു നടക്കുന്ന ഉസ്താദുമാർ എന്ന് വിളിക്കപ്പെടുന്നവർ താലിബാൻ തീവ്ര വാദികൾക്ക് വേണ്ടി വാക്ക് പയറ്റു നടത്തുന്ന സദാം ഹുസൈനു വേണ്ടി മയ്യത്ത് നിസ്കരിക്കുന്ന ഉസാമ ബിൻ ലാദന് വേണ്ടി പ്രാർത്ഥിക്കുന്ന സ്വയം ബോംബു വെച്ച് കെട്ടി അല്ലാഹു അക്ബർ എന്ന് നിലവിളിച്ച് ജിഹാദിയെന്നും ഇസ്ലാമിനു വേണ്ടി ധീര രക്തസക്തിയായി എന്നും വിളിക്കപ്പെടുന്ന ഒരു സമൂഹത്തെ സ്രിഷ്ട്ടിക്കുന്നു. നമസ്കാര സമയമായതിനെ വിളിച്ചറിയിക്കുന്ന ബാങ്ക് വിളിയെ അലോസരമായി തോന്നുന്ന ഒരു വിഭാഗത്തെ ഇതേ മതം വളർത്തിയെടുക്കുന്നു.
അന്യന്റെ വിയർപ്പു വീണ അപ്പം തിന്നു ഏമ്പക്കം വിട്ട് എന്തിനോ വേണ്ടി നിലവിളിക്കുന്ന ഒരു വിഭാഗമായി ഇന്ന് ഭൂരിപക്ഷം ഇസ്ലാം മത പണ്ഡിതന്മാർ വളർന്നിരിക്കുന്നു . ലക്ഷങ്ങൾ മേടിച്ചു നടത്തേണ്ട ഒരു തട്ടിപ്പ് മാത്രമായി മത പ്രഭാഷണങ്ങൾ മാറിയിരിക്കുന്നു. അന്ത്യനാളിനെ കുറിച്ച് സ്വർഗത്തെ കുറിച്ച് സകാത്തിനെ കുറിച്ച് രാവന്തിയോളം പ്രസംഗിച്ച ഒരു പണ്ഡിതൻ സ്വന്തം കണ്മുന്നിൽ നടക്കുന്ന അനാചാരങ്ങളും അസമത്വങ്ങളും കണ്ടില്ലെന്നു നടിക്കുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള അന്ധനെ അവഗണിക്കുന്നു. ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈ നീട്ടുന്നവനെ അവഗണിക്കുന്നു. കോടികൾ സ്ത്രീ ധനം മേടിക്കുന്നു. പടുകൂറ്റൻ മാളികകളിൽ അന്തിയുറങ്ങുന്നു. സ്വന്തം മക്കളെ പോലും സമയത്ത് പള്ളിയിൽ എത്തിക്കാൻ കഴിയാത്ത ആ വിഭാഗം സമോഹോന്നമാനത്തിനു വേണ്ടി ഘോര ഘോരം നിലവിളിക്കുന്നു. നിങ്ങളാണ് അന്ധകാരത്തെ സൃഷ്ട്ടിക്കുന്നത്...നിങ്ങളാണ് തീവ്രവാദികളെ സ്രിഷ്ട്ടിക്കുന്നതു....അന്യ സ്ത്രീയുടെ മുഖത്ത് നോക്കുന്നത് പോലും വ്യഭിചാരമെന്നു സമൂഹത്തെ പഠിപ്പിച്ച നിങ്ങൾ തന്നെ ആണ്‍കുട്ടികളിൽ കാമം തീർക്കുന്നു. യത്തീംഗാന എന്ന 4 ചുമരുകൾക്കുള്ളിൽ തടവു പുള്ളികളെ പോലെ നിങ്ങൾ വളർത്തുന്നവർ കൊച്ചു പെണ്‍കുട്ടികളിൽ കാമം തീർക്കുന്നു. ഇരകളെ ക്രൂരമായി പരിഹസിച്ചു ചിരിക്കുന്നു....
അപകടകരമായ ഒന്നും തന്നെ ഒരു മതവും പറയുന്നില്ല. ഐക്യവും സമാധാനവുമാണ് മതം പറയുന്നത്. പ്രത്യകിച്ചും ഇസ്ലാം, ഒരു അനാഥന്റെ മുൻപിൽ വെച്ച് സ്വന്തം മക്കളെ താലൊലിക്കരുത് എന്ന് പഠിപ്പിച്ച ഇസ്ലാം, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവൻ എന്റെ മതത്തിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച ഇസ്ലാം, നമസ്കാരത്തിന്റെ സമയമായിട്ടു പോലും മുൻപിൽ നടക്കുന്ന വൃദ്ധന്റെ മുൻപിൽ കേറി നടന്നിട്ടില്ലാത്ത അലി (റ) നെ പോലുള്ളവരുടെ ഇസ്ലാം, ബഹുമാനത്തിന്റെ ആദരവിന്റെ സ്നേഹത്തിന്റെ മതമായ ഇസ്ലാം,
ഗാസയിലും കശ്മീരിലും പട്ടിണി പാവങ്ങളെ സൃഷ്ട്ടിക്കുന്ന ഇസ്ലാം, താലിബാനെ സൃഷ്ട്ടിച്ച..വളർത്തിയ ഇസ്ലാം, കാന്തപുരതെയും പേരോട് അബ്ദുറഹ്മാൻ സകാഫിയെയും സൃഷ്ട്ടിച്ച ഇസ്ലാം..! എന്തിനു വേണ്ടി???? ആർക്കു വേണ്ടി?? 


വാൽകഷ്ണം : കഞ്ചാവിനെ പറ്റിയും മറ്റു മയക്കു മരുന്നുകളെ പറ്റിയും ഭൂരിപക്ഷ സമൂഹം പറയുന്നത് അത് മനസ്സിനെയും ശരീരത്തെയും ബാധിക്കും, ചിന്തിക്കാനുള്ള ശേഷി ഇല്ലാതെയാകും, തിന്മകൾക്കു കാരണമാവും എന്നൊക്കെയാണ്. പക്ഷെ ഈ ലോകത്തിന്റെ പോക്ക് കാണുന്നത് കൊണ്ട് പറയട്ടെ...മനുഷ്യ നന്മക്ക് എന്ന് പറയപ്പെടുന്ന മതങ്ങൾക്ക് പിറകെ നടക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് വല്ല കഞ്ചാവും അടിച്ചു വല്ലിടത്തും പോയി കിടക്കുന്നത്.