Wednesday, April 15, 2015

We had a dream of long decades ago..










നിരോധനങ്ങൾക്കും നിയമ രൂപീകരണങ്ങൾക്കും എതിരെ എതിർപ്പിന്റെ മുദ്രവാക്യം ഉയരുന്നത് അതിൽ എന്തോ പിഴവ് സംഭവിച്ചത്  കൊണ്ടോ ചിലരുടെയെങ്കിലും അനിഷ്ട്ടതിനു കാരണമായതോ കൊണ്ടാണ്..അവ്യക്തമായ എന്തോ ഒന്നിന്റെ ശക്തി മൂലം എടുക്കേണ്ടി വന്ന നിയമത്തിനു പക്ഷേ പലപ്പോഴുംനീതിയുടെയോ തിരിച്ചരിവിന്റെയോ മുഖമുണ്ടാവില്ല. രാഷ്ട്രീയമായ നിലനില്പ്പിനു വേണ്ടി ചില കക്ഷികൾക്ക് രാഷ്ടീയ പാർട്ടികൾ വഴങ്ങി കൊടുക്കുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. പക്ഷെ ഇപ്പഴും മതേതരം എന്ന് ഭൂര്പിപക്ഷതിനിടയിൽ വിടുവായത്തം പറയുന്ന ഒരു രാജ്യവും ഭരണകൂടവും ഒളിഞ്ഞും തെളിഞ്ഞും തീവ്ര ഹിന്ദുത്വ നയങ്ങൾ പൊതു ജനങ്ങളിൽ നിയമങ്ങളുടെ രൂപത്തിൽ അടിച്ചേൽപ്പിക്കുകയാണ്. ഏതൊരു മതമായാലും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുക എന്നുള്ളത് അടിസ്ഥാനപരമായ സഹജീവി വർതിത്വതിന്റെ കാതലാണ്. ചില ഇഷ്ട്ടങ്ങൾ നമ്മൾ മറന്നേക്കുക. ചില ഇഷ്ട്ടങ്ങൾ വേണ്ടെന്നു വെച്ചും ചില ഇഷ്ട്ടങ്ങൾ പരസ്പരം ഷെയർ ചെയ്തുമുള്ള ജീവിതത്തേക്കാൾ മനോഹരമായി മറ്റെന്തുണ്ട്? അതൊന്നും പക്ഷെ അടിച്ചേൽപ്പിക്കലാവരുത്. അങ്ങനെ ആവുമ്പോൾ അവിടെ എതിർപ്പിന്റെ സ്വരം ഉയരുക എന്നുള്ളത് സ്വാഭാവികം.

ആവാസ വ്യവസ്ഥയുടെ ഭാഗമാണ് ഒന്ന് മറ്റൊന്നിനു ഭക്ഷണമാവുക എന്നത്. ഇഷ്ട്ടമുള്ളവർക്ക് ആവാം. അതിനൊക്കെ നിർബന്ധിക്കുക, നിരോധിക്കുക എന്നുള്ളത് ഒരുതരം ഫാസിസ്റ്റ് ചിന്താഗതിയാണ്. അല്ലെങ്കിൽ തന്നെ കാര്യ കാരണങ്ങൾ അറിയാതെ മനുഷ്യനെ കൊല്ലുന്നവൻ ഗോ മാംസം നിരോധിക്കുന്നതിൽ എന്തു യുക്തിയാണ് ഉള്ളത്? നിരോധിച്ചാലും ഇല്ലെങ്കിലും അത് കഴിക്കാത്തവർ നിരവധിയുണ്ട്. അതിനൊക്കെ പക്ഷെ മതപരമായ അച്ചടക്കങ്ങൾക്കപ്പുറത്ത് വ്യക്തിപരമായ കാരണങ്ങളുണ്ട്. ഒരു പക്ഷെ കൊല്ലുക അതും വളരെ ക്രൂരമായി എന്നുള്ള അവസ്ഥ സഹിക്കാൻ കഴിയാത്തത് കൊണ്ട് ഉപേക്ഷിച്ചവരും ഉണ്ടാകും. മതങ്ങൾക്കപ്പുറത്തു നിന്ന് ചില പൊതുവായ ഇഷ്ട്ടങ്ങൾക്ക് വിലക്കു കൽപ്പിക്കുന്നതും അതു കൊണ്ടാണ്. അതിനു പക്ഷെ ഒരു സ്വതന്ത്ര്യമായ നിലപാടിന്റെ ശക്തിയുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മനോഹാരിതയുണ്ട്.

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും മറ്റും പലപ്പോഴും മൃഗങ്ങളുടെ വില പോലും മനുഷ്യ ജീവനു നല്കിയിട്ടില്ലാത്ത പല സന്ദർഭങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ഗോ മാതാവിനെ അപമാനിച്ചു എന്നും പറഞ്ഞു മനുഷ്യരെ എറിഞ്ഞു കൊല്ലുക, കുടുംബങ്ങളെ നാടുകടത്തുക എന്നുള്ള തരത്തിലുള്ള ഗോത്ര വർഘ നിയമങ്ങൾ ഇവിടങ്ങളിൽ ഇപ്പോഴും കാണപ്പെടുന്നു. അതും ഇതും കൂടെ കൂട്ടിവായിക്കുമ്പോൾ മുഴച്ചിരിക്കുന്ന ഒരുപാടു ഏച്ചു കെട്ടലുകൾ കാണാൻ കഴിയുക സ്വാഭാവികം.

എഴുതപ്പെട്ട നിയമങ്ങൾ അതു മതം എഴുതിയതോ ഭരണകൂടം എഴുതിയതോ എന്തു തന്നെ ആയാലും കാലഘട്ടത്തിന് അനുസൃതമായ ചില എഡിറ്റ്‌ വർക്കുകൾ നടത്തേണ്ടി വരും. അതു ഒരു തോൽവി എന്നതിനപ്പുറത്ത് നിലനില്പ്പിന്റെ അനിവാര്യതയാണ്. അതില്ല എങ്കിൽ ചെറുതെങ്കിലും അത്ര ചെറുതല്ലാതെ ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വരും. മനുഷ്യന്റെ ആവശ്യങ്ങളും അനാവശ്യങ്ങളും അനിവാര്യതകളും കാലക്രമേണ മാറി കൊണ്ടിരിക്കും. അത് പണമോ, ഭക്ഷണമോ, വഴികളോ, അതിരുകളോ എന്തും തന്നെയാവാം. അവിടെയാണ് ലഭ്യതക്കും വിനിമയങ്ങല്ക്കും അനുസൃതമായി തിരുത്തലുകൾ നടത്തേണ്ടതിന്റെ അനിവാര്യത പ്രകടമാവുന്നത്. അല്ലെങ്കിൽ തന്നെ സർവത്ര സ്വതന്ത്ര്യമായ ഒരു ലോകത്ത് വിവസ്ത്രനായി ജീവിച്ച മനുഷ്യ കുലത്തെ ആരാണ് നിയമങ്ങൾ കൊണ്ട് ബന്ധിച്ചത്?

കുബുദ്ധി എന്നോ ദുർബുദ്ധിയെന്നോ എന്തു പറയണം എന്നറിയില്ല. അന്നും ഇന്നും ചിലർക്ക് നേതാവാവാനായിരുന്നു  ഇഷ്ട്ടം. നേതാവ് നിയമങ്ങൾ പറഞ്ഞു, എഴുതി, അതിരുകൾ നിശ്ചയിച്ചു. മറ്റുള്ളവർ അതിനെ പിന്തുടരാൻ നിർബന്ധിതരായി. എതിർത്തവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു..യുദ്ധങ്ങളുണ്ടായി... ഒത്തൊരുമയും നീതിയും ഒരു യുദ്ധത്തിന്റെയും ഉപോൽപന്നമായിരുന്നില്ല. വെറുപ്പും, അതിരുകളും, ആയുധങ്ങളും, സംഘടനകളും രൂപീകരിക്കപ്പെട്ടു. അത് വീണ്ടും വീണ്ടും വലുതായി കൊണ്ടിരുന്നു. ഇതൊക്കെ തന്നെ മുൻകൈ എടുക്കുന്നവരുടെ കുഴപ്പമായിരുന്നോ....അതോ മോഹങ്ങളായിരുന്നോ എന്നറിയില്ല. വിഭജനങ്ങളും വർഗീയതയും അല്ലാതെ യുദ്ധങ്ങൾ ഒന്നും തന്നില്ല.

വിഭജനങ്ങൾക്ക് പല രാഷ്ട്രീയമുണ്ടായിരുന്നു. നിറത്തിന്റെ രാഷ്ട്രീയം, അതിരുകളുടെ രാഷ്ട്രീയം, മതങ്ങളുടെ രാഷ്ട്രീയം അങ്ങനെ ഒരുപാടൊരുപാട്. പക്ഷെ മതങ്ങളുടെ രാഷ്ട്രീയം ഇതിന്റെയെല്ലാം മുകളിൽ തഴച്ചു വളർന്നു. അത്‌ വലിയ ശക്തിയായി മാറി. ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം മതങ്ങളും മതങ്ങളുടെ രാഷ്ട്രീയവും വളർന്നു. അത് മനുഷ്യനെ അവനറിയാതെ കാർന്നു തിന്നു കൊണ്ടിരുന്നു. പ്രത്യക്ഷാ നിരുപദ്രവകാരി ആണെന്നു തോന്നിയെങ്കിലും അതിനോളം വലിയ അപകടകാരി മറ്റൊന്നും ഇല്ലെന്നെതാണ് സത്യം. വ്യക്തികളോടൊപ്പം അവന്റെ ചിന്തകളും മരിച്ചു കൊണ്ടിരുന്നു. സ്നേഹത്തിൽ അതിഷ്ട്ടിതമായ ഒരു ലോകം പല സത്യങ്ങളെയും സൌകര്യപൂർവ്വം മറന്നു. വ്യക്തി സ്വതന്ത്ര്യതിലതിഷ്ട്ടിതമായ ഒരു സ്വതന്ത്ര ചിന്തയെ മതവും മതത്തിലതിഷ്ട്ടിതമായ കുടുംബവും ഭയന്നു. അതുകൊണ്ട് തന്നെ പ്രതികരണങ്ങൾ പലതും ചെറിയൊരു സൌഹൃത വലയം ഭേദിച്ചു പുറത്തു കടന്നില്ല. അക്രമ രാഷ്ട്രീയത്തിനും തീവ്ര മത വാദങ്ങൾക്കും ഫാസിസത്തിനും മൌനമാനെങ്കിൽ പോലും ജന സമ്മിതികൂടിയതും അതുകൊണ്ടാണ്.

എല്ലാറ്റിനും അപ്പുറത്ത് നമ്മളെ സ്വയം അംഗീകരിച്ചും ചുറ്റുപാടിനെ ബഹുമാനിച്ചും കൊണ്ടുള്ള ഒരു ജീവിതമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതിനു തന്നെയാണ് നിലനിൽപ്പ്‌ ഉള്ളതും. അതല്ലാതെയുള്ള മറ്റെല്ലാത്തിനും മാറ്റങ്ങളും എതിർപ്പും വന്നുകൊണ്ടേയിരിക്കും. പക്ഷെ അതിനെ എതിർപ്പ് കൂടാതെ പൊതു സമ്മതത്തോടെ കൊണ്ട് വരിക എന്നുള്ളത് ഒരു വലിയ കർത്തവ്യം തന്നെയാണ്. പക്ഷെ അവിടെയും തുല്യത സമ്മതിച്ചു കൊടുക്കാൻ ഇഷ്ട്ടമില്ലാത്ത ഒരു വിഭാഗം വിലങ്ങു തടിയാണ്. നേരത്തെ പറഞ്ഞ പോലെ തന്നെ ഒരു വിഭാഗത്തെ അടിച്ചമർത്തി നേതാവാകാൻ മാത്രം കച്ച കെട്ടിയിറങ്ങിയ ഒരു വിഭാഗം ഇതിനെ സമ്മതിച്ചു തരില്ല. സമത്വ സുന്ദരമായ ലോകം എന്നുള്ളത് മതങ്ങളും രാഷ്ട്രീയ പാർട്ടികളും ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഇപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ്. പക്ഷെ ശരിക്കും സമത്വത്തിനു വേണ്ടി ഇവർ പ്രവർത്തിക്കുന്നുണ്ടോ? ഇല്ലെന്നു നിസ്സംശയം പറയാം. അത് കൊണ്ടാണ് മതങ്ങൾക്കിടയിലും രാഷ്ട്രീയ പാർട്ടികൾക്കിടയിലും വിഭാഗീയതയും ഗ്രൂപുകളും ചേരിതിരിവും കലാപങ്ങളും ഉണ്ടാകുന്നത്.

sex, gender, race, age, sexual orientation, origin, caste or class, income or property, language, religion, convictions, opinions, health or disability ഈ മേഖലകളിലെല്ലാം തന്നെ തുല്യത പൂർണ്ണ മനസ്സോടെ അംഗീകരിച്ചു കൊടുക്കാൻ എന്താണ് ഇപ്പോഴും ഭൂരിപക്ഷത്തിനു കഴിയാത്തത്? ഇടയ്ക്കിടയ്ക്ക് സംസാര വിഷയം ആകുന്നുണ്ടെങ്കിൽ പോലും എന്തു കൊണ്ടാണ് സമ്പൂർണ സമത്വം ഇനിയും നടപ്പിലാവാത്തത്? ഒരു പരിധിക്കപ്പുറത്തു ആരും ഇതിനെ അംഗീകരിക്കാത്തത് എന്ത് കൊണ്ടാണ്? ഉത്തരം ഒന്നേ ഉള്ളൂ. തുല്യത നടപ്പിലായാൽ അവിടെ മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും യാതൊരുവിധ കക്ഷികല്ക്കും നിലനിൽപ്പില്ല എന്ന് തന്നെ. അതിനെ സമ്മതിച്ചു കൊടുക്കാൻ ഭൂരിപക്ഷം തയ്യാറല്ലാത്തതു കൊണ്ടല്ലേ equality ഇപ്പോഴും പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങുന്നത്? പൊതു ഇടങ്ങളിൽ സ്ത്രീ എന്നും വിമർശിക്കപെടുന്നതും അക്രമിക്കപ്പെടുന്നതും പുരുഷന്റെ വികാര ദൗർലഭ്യമായി ഇത്തരം അക്രമങ്ങളെ വിലയിരുത്തപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും ലിംഗ സമത്വം അംഗീകരിച്ചു കൊടുക്കാത്തത് കൊണ്ട് മാത്രമാണ്.കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ബ്രെയിൻ വാഷിംഗ് സ്ത്രീകളെ കൊണ്ട് തന്നെ ഞങ്ങൾ തുല്യത അർഹിക്കുന്നവരല്ല എന്ന് ചിന്തിപ്പിക്കാൻ പാകമാക്കി. മതങ്ങൾ ഇത്തരം ചിന്തകളെ അരക്കെട്ടിട്ടുറപ്പിച്ചു.

ഇത്തരം ചിന്താഗതികൾ വ്യക്തികളിലും ചെറിയ ഗ്രൂപുകളിലും മാത്രം ഇന്നും ഒതുങ്ങുന്നു. അതിനു കാരണം ഒന്നേ ഉള്ളൂ. തുല്യത എന്നുള്ള ചിന്ത തന്നെ ഒരുതരം ഒഴുക്കിനെതിരെയുള്ള നീന്തലാണ്. വിജയ സാധ്യത വളരെ കുറവും. സ്വാർത്ഥ സ്നേഹത്തിൽ അധിഷ്ടിതമാണ് ഈ ലോകം. നമുക്ക് മുൻപ് നമ്മളുടെ അച്ഛനോ അമ്മയോ അല്ലെങ്കിൽ നമ്മുടെ പിൻ തലമുറയിൽ പെട്ട പലരും തുല്യതയെ പറ്റി ചിന്തിചിട്ടുണ്ടാകും. അത് നടപ്പിൽ വരുത്തുന്നതിനെ പറ്റി ആകുലപ്പെട്ടിട്ടുണ്ടാകും. അതിനു വേണ്ടി മുന്നിട്ടിറങ്ങിയ വഴികളിൽ നേരിട്ട തടസ്സങ്ങൾ അവരെ ചിന്തിപ്പിച്ചു. ഒരു തരം സ്വഭാവ വൈകല്യമായി ഇതിനെ വിലയിരുത്തിയും പൊതു സമൂഹം ഇതിനെ ഒറ്റപ്പെടുത്തിയതും തന്റെ മകനോ മകളോ ഈ വിധം ചിന്തിക്കുന്നതിൽ നിന്നും പ്രവർത്തിക്കുന്നതിൽ നിന്നും അവരെ തടയാൻ കാരണമായി.

സ്വതന്ത്ര്യമായി ഒരു പ്രത്യയ ശാസ്ത്രത്തിനും മതങ്ങൾക്കും പാർട്ടികൾക്കും അപ്പുറത്തു നിന്ന്  ചിന്തിച്ചാൽ എല്ലാവർക്കും ഒരേ ഉത്തരം കിട്ടുന്ന ഒന്നാണ് equality. അതിൽ സംശയമില്ല. അങ്ങനെയുള്ള ഒരു ലോകം എന്നെങ്കിലുമൊരിക്കൽ നടപ്പിൽ വരട്ടെ എന്ന് ആശംസിക്കുന്നു.

Martin Luther King തന്റെ പ്രശസ്തമായ "I have a dream" എന്ന പ്രസംഗത്തിൽ equalityയെ കുറിച്ച് ധാരാളം പറയുന്നുണ്ട്. പ്രമുഖരും സാധാരണക്കാരുമായി പലരും ഇതിനെ പറ്റി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതെല്ലാം അന്നും ഇന്നും സ്വപ്നങ്ങളാണ്. "We had a dream of long decades ago.."

I have a dream that one day on the red hills of Georgia, the sons of former slaves and the sons of former slave owners will be able to sit together at the table of brotherhood. 

- Martin Luther King, Jr.