Thursday, January 8, 2015

എന്തു കൊണ്ട് ചാർളീ ഹെബ്ടോ? എന്തു കൊണ്ട് ഇസ്ലാം?

ഒരു കാർട്ടൂണ്‍ വരച്ചു എന്ന കാരണം കൊണ്ട് ഒരു സ്ഥാപനം ആക്രമിക്കപ്പെട്ടു. 12 പേർ കൊല്ലപ്പെട്ടു. മതാന്ധത ബാധിച്ച ഒരു വിഭാഗം കാരണം കുറച്ചൊന്നുമല്ല സമൂഹം അനുഭവിക്കേണ്ടി വരുന്നത്. മതം നമുക്ക് സ്വർഗം വാഗ്ദാനം ചെയ്തു. വിശ്വസിക്കുന്നവനു സ്വർഗമുണ്ടെന്നും അവിടെ സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം സൌകര്യങ്ങൾ ഉണ്ടെന്നും പറഞ്ഞു. സുന്ദരികളായ സ്ത്രീകൾ, പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരമുള്ളതുമായ പാനീയങ്ങൾ അങ്ങനെ എല്ലാമെല്ലാം മതങ്ങൾ മരണാന്തരം നമുക്ക് വാഗ്ദാനം നല്കി. ആത്മ അനന്ത സാക്ഷിയായ ഖുർആൻ നന്മ മാത്രം കൽപ്പിച്ചു. തെറ്റും ശരിയും യഥാക്രമം വിലയിരുത്തി. എന്നിട്ടും ആധുനിക ലോകത്തിനും മനുഷ്യ ജീവനും ഏറ്റവും അപകടകരമായ ഒരു മതമായി ഇസ്ലാം മാറി. ഇസ്ലാമിനെ അങ്ങനെ മാറ്റിയെടുത്തു ഒരു വിഭാഗം.
ഇന്നും നീണ്ടു നില്ക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പ്രശ്നങ്ങൾ, പെഷവാർ വെടിവെപ്പ്, ഗാസ, താലിബാൻ, ഐസിസ് എല്ലാം സർവ്വ സമാധാന കാംശിയായ ഇസ്ലാം എന്ന മതത്തിന്റെ ഉപോൽപന്നങ്ങൾ. തലയൊന്നുയർതാൻ പോലുമാകാതെ തലയ്ക്കു മുകളിൽ വെടിയും ബോംബും ഒഴിയാത്ത കഷ്മീരിന്റെയും അഫ്ഗാനിസ്താന്റെയും ഗാസയുടെയും പാലസ്ത്രീന്റെയും ജനത. ചുംബിക്കാൻ പോയിട്ട് നൊന്തു പെറ്റ പൊന്നിനെ ഒന്ന് മുലയൂട്ടുന്നതിനു മുൻപ് കണ്ണ് തുറന്നു ഉമ്മയെ ഒന്ന് കാണുന്നതിനു മുൻപ് ഇഹ ലോകം വെടിയേണ്ടി വരുന്ന പിന്ചോമനകൾ. എതിർത്തു നില്ക്കാൻ മറ്റൊരു മതമോ കയ്യിലൊരു മുട്ടു സൂചിയോ ഇല്ലാതിരുന്നിട്ടു പോലും നിഷ്കരുണം തീ തുപ്പുന്ന തോക്കിനു മുൻപിൽ ജീവൻ വെടിയേണ്ടി വരുന്നവർ!!
ഇന്നും നിസ്കാരത്തിലെ കൈ കെട്ടുന്നതിനെ കുറിച്ചും സ്ത്രീ പള്ളിയിൽ പ്രവേശിക്കുന്നതിനെ കുറിച്ചും സുന്നി-മുജാഹിദ് സത്യ-അസത്യങ്ങളെ കുറിച്ചും പ്രസംഗിക്കുന്ന മത നേതാക്കൾ എന്ന് വിളിക്കപ്പെടുന്ന വെള്ളയും വെള്ളയും ധരിച്ചു താടി വെച്ച് വീമ്പു പറഞ്ഞു നടക്കുന്ന ഉസ്താദുമാർ എന്ന് വിളിക്കപ്പെടുന്നവർ താലിബാൻ തീവ്ര വാദികൾക്ക് വേണ്ടി വാക്ക് പയറ്റു നടത്തുന്ന സദാം ഹുസൈനു വേണ്ടി മയ്യത്ത് നിസ്കരിക്കുന്ന ഉസാമ ബിൻ ലാദന് വേണ്ടി പ്രാർത്ഥിക്കുന്ന സ്വയം ബോംബു വെച്ച് കെട്ടി അല്ലാഹു അക്ബർ എന്ന് നിലവിളിച്ച് ജിഹാദിയെന്നും ഇസ്ലാമിനു വേണ്ടി ധീര രക്തസക്തിയായി എന്നും വിളിക്കപ്പെടുന്ന ഒരു സമൂഹത്തെ സ്രിഷ്ട്ടിക്കുന്നു. നമസ്കാര സമയമായതിനെ വിളിച്ചറിയിക്കുന്ന ബാങ്ക് വിളിയെ അലോസരമായി തോന്നുന്ന ഒരു വിഭാഗത്തെ ഇതേ മതം വളർത്തിയെടുക്കുന്നു.
അന്യന്റെ വിയർപ്പു വീണ അപ്പം തിന്നു ഏമ്പക്കം വിട്ട് എന്തിനോ വേണ്ടി നിലവിളിക്കുന്ന ഒരു വിഭാഗമായി ഇന്ന് ഭൂരിപക്ഷം ഇസ്ലാം മത പണ്ഡിതന്മാർ വളർന്നിരിക്കുന്നു . ലക്ഷങ്ങൾ മേടിച്ചു നടത്തേണ്ട ഒരു തട്ടിപ്പ് മാത്രമായി മത പ്രഭാഷണങ്ങൾ മാറിയിരിക്കുന്നു. അന്ത്യനാളിനെ കുറിച്ച് സ്വർഗത്തെ കുറിച്ച് സകാത്തിനെ കുറിച്ച് രാവന്തിയോളം പ്രസംഗിച്ച ഒരു പണ്ഡിതൻ സ്വന്തം കണ്മുന്നിൽ നടക്കുന്ന അനാചാരങ്ങളും അസമത്വങ്ങളും കണ്ടില്ലെന്നു നടിക്കുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള അന്ധനെ അവഗണിക്കുന്നു. ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈ നീട്ടുന്നവനെ അവഗണിക്കുന്നു. കോടികൾ സ്ത്രീ ധനം മേടിക്കുന്നു. പടുകൂറ്റൻ മാളികകളിൽ അന്തിയുറങ്ങുന്നു. സ്വന്തം മക്കളെ പോലും സമയത്ത് പള്ളിയിൽ എത്തിക്കാൻ കഴിയാത്ത ആ വിഭാഗം സമോഹോന്നമാനത്തിനു വേണ്ടി ഘോര ഘോരം നിലവിളിക്കുന്നു. നിങ്ങളാണ് അന്ധകാരത്തെ സൃഷ്ട്ടിക്കുന്നത്...നിങ്ങളാണ് തീവ്രവാദികളെ സ്രിഷ്ട്ടിക്കുന്നതു....അന്യ സ്ത്രീയുടെ മുഖത്ത് നോക്കുന്നത് പോലും വ്യഭിചാരമെന്നു സമൂഹത്തെ പഠിപ്പിച്ച നിങ്ങൾ തന്നെ ആണ്‍കുട്ടികളിൽ കാമം തീർക്കുന്നു. യത്തീംഗാന എന്ന 4 ചുമരുകൾക്കുള്ളിൽ തടവു പുള്ളികളെ പോലെ നിങ്ങൾ വളർത്തുന്നവർ കൊച്ചു പെണ്‍കുട്ടികളിൽ കാമം തീർക്കുന്നു. ഇരകളെ ക്രൂരമായി പരിഹസിച്ചു ചിരിക്കുന്നു....
അപകടകരമായ ഒന്നും തന്നെ ഒരു മതവും പറയുന്നില്ല. ഐക്യവും സമാധാനവുമാണ് മതം പറയുന്നത്. പ്രത്യകിച്ചും ഇസ്ലാം, ഒരു അനാഥന്റെ മുൻപിൽ വെച്ച് സ്വന്തം മക്കളെ താലൊലിക്കരുത് എന്ന് പഠിപ്പിച്ച ഇസ്ലാം, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവൻ എന്റെ മതത്തിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച ഇസ്ലാം, നമസ്കാരത്തിന്റെ സമയമായിട്ടു പോലും മുൻപിൽ നടക്കുന്ന വൃദ്ധന്റെ മുൻപിൽ കേറി നടന്നിട്ടില്ലാത്ത അലി (റ) നെ പോലുള്ളവരുടെ ഇസ്ലാം, ബഹുമാനത്തിന്റെ ആദരവിന്റെ സ്നേഹത്തിന്റെ മതമായ ഇസ്ലാം,
ഗാസയിലും കശ്മീരിലും പട്ടിണി പാവങ്ങളെ സൃഷ്ട്ടിക്കുന്ന ഇസ്ലാം, താലിബാനെ സൃഷ്ട്ടിച്ച..വളർത്തിയ ഇസ്ലാം, കാന്തപുരതെയും പേരോട് അബ്ദുറഹ്മാൻ സകാഫിയെയും സൃഷ്ട്ടിച്ച ഇസ്ലാം..! എന്തിനു വേണ്ടി???? ആർക്കു വേണ്ടി?? 


വാൽകഷ്ണം : കഞ്ചാവിനെ പറ്റിയും മറ്റു മയക്കു മരുന്നുകളെ പറ്റിയും ഭൂരിപക്ഷ സമൂഹം പറയുന്നത് അത് മനസ്സിനെയും ശരീരത്തെയും ബാധിക്കും, ചിന്തിക്കാനുള്ള ശേഷി ഇല്ലാതെയാകും, തിന്മകൾക്കു കാരണമാവും എന്നൊക്കെയാണ്. പക്ഷെ ഈ ലോകത്തിന്റെ പോക്ക് കാണുന്നത് കൊണ്ട് പറയട്ടെ...മനുഷ്യ നന്മക്ക് എന്ന് പറയപ്പെടുന്ന മതങ്ങൾക്ക് പിറകെ നടക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് വല്ല കഞ്ചാവും അടിച്ചു വല്ലിടത്തും പോയി കിടക്കുന്നത്.

No comments:

Post a Comment