Sunday, August 3, 2014

ഉമ്മാ

നീണ്ട പതിനേഴു വർഷത്തെ സ്വർഗ ജീവിതത്തിനും മൂന്നു വർഷത്തെ രണ്ടാം സ്വർഗ ജീവിതനിനും ശേഷം ദൈവം ആദി പുത്രനെ ഭൂമിയിലെക്കിറക്കിയ പോലെ എന്നെ എറണാംകുളതെക്ക് മാറ്റി. ഇനി നീ അവിടെ ജീവിച്ചാൽ മതി എന്നും പറഞ്ഞ്.
ഈ ശിക്ഷ എനിക്കു തരാൻ ഞാൻ കഴിച്ച വിലക്കപ്പെട്ട കനി ഏതാണെന്ന് ചോദിച്ചപ്പോ ദൈവം മറുപടി പറഞ്ഞില്ല.
ഹോസ്റ്റലിൽ എത്തിയ ആദ്യത്തെ ദിവസം തന്നെ ഞാൻ ആസ്വദിച്ച വിലക്കപ്പെട്ട കനി  ഏതാണെന്ന് എനിക്ക് മനസ്സിലായി. രാത്രി കഴിക്കാൻ വേവാത്ത ചോറും കൂടെ വെള്ളത്തിൽ ഉപ്പും മുളകും ഇട്ട കറിയും.
ഉറങ്ങാൻ നേരം ഉമ്മ വിളിച്ചപ്പോ ഞാൻ പറഞ്ഞു.

"ഉമ്മാ..ഉമ്മ ഉണ്ടാക്കിയിരുന്ന കഞ്ഞി വെള്ളം താളിച്ച കറിയും...ചമ്മന്തിയും തന്നെയായിരുന്നു ബെസ്റ്റ്.."

നൊന്തു പെറ്റ വയറിനു അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.

"ഉമ്മ എന്താ ചെയ്യാ... നീ വല്ല ഹോട്ടലിൽ നിന്നും കഴിച്ചോ മോനേ..കാശ് ഞാൻ അയച്ചു തരാം.."

ഫോണ്‍ വെച്ച ഉടൻ സിദ്ധീക്ക് പറഞ്ഞു.

"നീ എന്ത് വിവരക്കേടാണ് പായീ പറഞ്ഞത്? നമ്മൾ പട്ടിണി ആണേലും അത് ഉമ്മാനോട് പറയണോ? ഉമ്മാക്ക് വിഷമാവില്ലേ? ഇന്നിനി നിന്റെ ഉമ്മ വല്ലതും കഴിക്കുമോ?"

ശരിയാണല്ലോ...മോശമായിപ്പോയി..
അതിനു ശേഷം ഒരു ദിവസം പട്ടിണി കിടക്കേണ്ടി വന്നാലും ഉമ്മ വിളിക്കുമ്പോ പറയും..

"ഞാൻ പിന്നെ വിളിക്കാം ഉമ്മാ..വയറു നിറഞ്ഞു പൊട്ടാറായി..ഇന്ന് ഒരു പാർട്ടി ഉണ്ടായിരുന്നു..."

ഫോണ്‍ വെക്കുന്നതിനു മുന്പ് സന്തോഷം നിറഞ്ഞ ഉമ്മാന്റെ ശബ്ദം കേൾക്കാം...

"നോക്കീ..ഇന്ന് ഫായിക്ക് ഒരു പാർട്ടി ഉണ്ടായിരുന്നത്രേ നല്ലോണം ഫുഡ്‌ കഴിച്ചു എന്ന്...സംസാരിക്കാൻ വയ്യ എന്ന് പറയുന്നു.."

ഇടതു കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചു...ഉമ്മാന്റെ സന്തോഷം കൊണ്ട് നിറഞ്ഞ വയറും തടവി വീണ്ടും നടന്നു..

ഉമ്മാ...

No comments:

Post a Comment